Join Whatsapp Group. Join now!
Aster MIMS 10/10/2023

Milad Un Nabi | നാടെങ്ങും നബിദിനാഘോഷം; വർണശബളമായി റാലികൾ; പ്രവാചക പ്രകീർത്തന നിറവിൽ വിശ്വാസികൾ

മഴ പൊലിമ കുറച്ചില്ല Milad Un-Nabi, Religion, Festival, Malayalam News, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (KasargodVartha) പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിക്കുന്നു. ചിലയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറച്ചില്ല. രാവിലെ മഹല്ല് ജമാഅതുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലികള്‍ വര്‍ണ വര്‍ണശബളമായി. പ്രാധാനമായും മദ്‌റസകള്‍ കേന്ദ്രീകരിച്ചാണ് റാലികള്‍ നടന്നത്.

രാവിലെ തകര്‍ത്ത് പെയ്ത മഴ കാരണം ചില സ്ഥലങ്ങളില്‍ റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, ചിലയിടങ്ങളില്‍ റാലി വെട്ടിച്ചുരുക്കേണ്ടിയും വന്നു. എന്നാല്‍ പലയിടങ്ങളിലും റാലി ഗംഭീരായി നടന്നു.

 
ഗ്രാമ-നഗരവ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും നബിദിന സന്ദേശ റാലികള്‍ നടന്നു. നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ റാലിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ള ആബാലവൃദ്ധം ജനങ്ങളും അണിനിരന്നു. ദഫും സ്‌കൗടും റാലിക്ക് മിഴിവേകി.


വഴി നീളെ മധുര വിതരണവും പള്ളികളില്‍ അന്നദാനവും നടന്നു. മദ്രസകളില്‍ വിദ്യാര്‍ഥികളുടെ കലാസാഹിത്യ പരിപാടികളും നടന്നു. ചിലയിടങ്ങളില്‍ കലാമത്സരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ മറ്റിടങ്ങളില്‍ വരും ദിവസങ്ങളിലും നടക്കും. നബിദിന യോഗങ്ങളില്‍ പ്രമുഖ പണ്ഡിതരുടെ പ്രഭാഷണം, പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കല്‍, തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

നബിദിനത്തിന്റെ ഭാഗമായി മസ്ജിദുകളില്‍ മൗലീദ് പാരായണ സദസുകളും സംഘടിപ്പിച്ചു. തെരുവുകളും മസ്ജിദുകളും മദ്രസകളും വീടുകളും ദീപാലങ്കാരമണിഞ്ഞു. അറബിക് കോളജുകള്‍ അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും മറ്റും റബീഉല്‍ അവ്വല്‍ മാസം മുഴുവന്‍ നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
     
Eid Milad Un Nabi

മഴ കനത്തു: ഘോഷയാത്രകൾ മാറ്റിവെച്ചു, നബിദിനത്തിന് മൗലീദ് പാരായണത്തോടെയും, മദ്ഹ് പാടിയും ആഘോഷമാക്കി വിശ്വാസി സമൂഹം

മൊഗ്രാല്‍:
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ മുസ്ലിം വിശ്വാസി സമൂഹം ആഘോഷിക്കുന്നു.

രാവിലെത്തന്നെ പള്ളി- മദ്രസകളില്‍ മൗലീദ് പാരായണവും, മദ്ഹ് ഗാനങ്ങളാളും, മധുര പലഹാരങ്ങളും, ചീരണിയും വിതരണം ചെയ്തുമാണ് നബിദിനം ആഘോഷിച്ചു വരുന്നത്.

കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിനത്തോടനുബന്ധിച്ച് ചായ-കടി, ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ഭക്ഷണ പൊതി വിതരണം ചെയ്തുവരുന്നുണ്ട്.
    
Eid Milad Un Nabi

മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദില്‍ നടന്ന നബിദിനത്തോടനുബന്ധിച്ചുള്ള മൗലീദ് പാരായണത്തിന് പിവി അബ്ദുല്‍ഹമീദ് മൗലവി, റിയാസ് അശാഫി, ശാഫി ദാരിമി, ബാവ ഉസ്താദ്, സാജിദ് സഖാഫി, സാലിം മൗലവി, അഫ്രാസ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് ജുമാമസ്ജിദ് കമിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കിവരുന്നു.

Keywords: News, Kerala-News, Kerala, Kasaragod-News, Top-Headlines, Religion, Milad Un-Nabi, Religion, Festival, Malayalam News, Muslims Celebrates Eid Milad Un Nabi.

Post a Comment