പൂച്ചക്കാട്: (www.kasargodvartha.com) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും സമഗ്രവും നീതിപൂർവവുമായ അന്വേഷണം നടത്താൻ ഉന്നത ഏജൻസിയെയോ അല്ലെങ്കിൽ സിബിഐയെയോ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്ക് നേരിട്ട് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസിൽ വെച്ച് നിവേദനം നൽകി.
ആക്ഷൻ കമിറ്റി ചെയർമാൻ ഹസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട്, ഗഫൂർ ഹാജിയുടെ ഉമ്മ ഉമ്മു കുൽസു, ഭാര്യ ശരീഫ, മക്കളായ അഹ്‌മദ് മുസമ്മിൽ, ഉമ്മു കുൽസു, ഫാത്വിമത് റഹ്‌മ, സഹോദരൻ ശരീഫ് ഹാജി എന്നിവരാണ് നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്.
ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് പുലർചെയാണ് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുൽ റഹ്‌മയിലെ എം സി ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 596 പവൻ സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നും 12 കുടുംബാംഗങ്ങളിൽ നിന്നുമാണ് ഹാജി സ്വർണം സ്വരൂപിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
മന്ത്രവാദിനിയെന്ന് പറയുന്ന യുവതിയുടെ ഇടപെടലാണ് പ്രദേശവാസികളിലും ബന്ധുക്കളിലും മരണത്തെ പറ്റി സംശയമുണ്ടാകാൻ കാരണം. കഴിഞ്ഞ കുറെ കാലമായി യുവതി ഗഫൂർ ഹാജിയെ ചുറ്റിപറ്റി നടന്നിരുന്നുവെന്നാണ് പറയുന്നത്. ഈ യുവതിയെക്കുറിച്ച് നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. നേരത്തെ കാസർകോട്ടെ വ്യാപാരിയിൽ നിന്നും 40 ലക്ഷം രൂപയും, അജാനൂർ മുട്ടുന്തലയിലെ ഗൾഫ് വ്യാപാരിയിൽ നിന്ന് നിധിയുണ്ടെന്ന് പ്രലോഭിപ്പിച്ച് ലക്ഷകണക്കിന് രൂപയും തട്ടിയെടുത്തിരുന്നുവെന്നും ആരോപണമുണ്ട്.
അതുകൊണ്ട് തന്നെയാണ് ഗഫൂർ ഹാജിയുടെ മരണത്തിലും സംശയമുണ്ടാകാൻ കാരണം. ബേക്കൽ ഡി വൈ എസ് പി സികെ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സായാഹ്‌ന സദസ്, ബഹുജന ഒപ്പ് ശേഖരണം എന്നിവ നടന്നിരുന്നു. ശേഖരിച്ച ഒപ്പ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാരവാഹികൾ നേരത്തെ കൈമാറിയിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chief Minister, Poochakkad, Petition, Investigation, Malayalam News, MC Gafoor Haji's death: Petition gives to CM seeking high-level probe
Petition | പൂച്ചക്കാട്ടെ എം സി ഗഫൂർ ഹാജിയുടെ ദുരൂഹ മരണം: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ആക്ഷൻ കമിറ്റി ഭാരവാഹികളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി
'സമഗ്രവും നീതിപൂർവവുമായിരിക്കണം'
Chief Minister, Poochakkad, Petition, Investigation, Malayalam News, കാസറഗോഡ് വാർത്തകൾ