മലപ്പുറം: (www.kasargodvartha.com) കരുവാരക്കുണ്ടില്‍ 11 കാരിയായ മകളെ അഞ്ചാം വയസുമുതല്‍ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പിതാവിന് തടവ് ശിക്ഷ. 97 വര്‍ഷം കഠിനതടവും 1,10,000 രൂപമാണ് പിഴ. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ് സൂരജ് ആണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ പ്രകാരം 20, 15, 10 വര്‍ഷങ്ങള്‍ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവര്‍ഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം നാലര വര്‍ഷം കഠിന തടവ് അനുഭവിക്കണം.
കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആള്‍ തന്നെ പീഡിപ്പിച്ചതിനാല്‍ ഇതിനുള്ള ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പില്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴയുമുണ്ട്.
2019 ല്‍ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് 64 കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ട ശിക്ഷ. മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് കുട്ടി ബന്ധു വീട്ടില്‍ താമസിച്ചപ്പോള്‍ അവിടുത്തെ സമപ്രായക്കാരിയോട് പീഡനവിവരം പറയുകയായിരുന്നു. ഇതറിഞ്ഞ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
കരുവാരക്കുണ്ട് സബ് ഇന്‍സ്പെക്ടര്‍മാരായിരുന്ന പി ജ്യോതീന്ദ്രകുമാര്‍, കെ എന്‍ വിജയന്‍, ജയപ്രകാശ്, ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മജീദ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്വപ്ന പരമേശ്വരത്ത് ഹാജരായി. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
നേരത്തെ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതിക്ക് പെരിന്തല്‍മണ്ണ പ്രത്യേക കോടതി 80 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു.