Join Whatsapp Group. Join now!
Aster MIMS 25/06/2023

By-election | പുതുപ്പള്ളിയില്‍ പോളിംഗ് ആരംഭിച്ചു; ഇത്തവണയും വോടര്‍ പട്ടികയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര്

നാമം പേന കൊണ്ട് വെട്ടിയിട്ടുണ്ട് Kottayam News, Puthupally News, Oommen Chandy, Former CM, Name, Voter List, By-election

കോട്ടയം: (www.kasargodvartha.com) പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിലെ വോടര്‍ പട്ടികയില്‍ ഇത്തവണയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ട്. ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ 126ാം നമ്പര്‍ ബൂതിലെ വോട്ടര്‍ പട്ടികയില്‍ 647ാം ക്രമ നമ്പറായിട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ പേരുള്ളത്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പേര് പേന കൊണ്ട് വെട്ടിയിട്ടുണ്ട്.

വോടര്‍ മരിച്ചാല്‍ നടപടിക്രമം പാലിച്ച് വോടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായതില്‍ റിപോര്‍ട് ചെയ്ത ശേഷം ഈ വിവരം അതത് മേഖലയിലെ ബൂതുതല ഓഫീസര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. തുടര്‍ന്നാണ് വോടര്‍ പട്ടികയില്‍ നിന്ന് മരിച്ച വോടറുടെ പേര് ഒഴിവാക്കുക. 

ഇക്കഴിഞ്ഞ ജൂലൈ 18 നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുള്‍പെടെ ആകെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.

അതേസമയം, പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോടെടുപ്പ് പുരോഗമിക്കുകയാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോടര്‍മാരാണുള്ളത്. വോടെടുപ്പ് ഡ്യൂടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. എട്ടു പഞ്ചായതുകളിലായി 182 ബൂതുകളാണ് മണ്ഡലത്തില്‍. 182 പോളിങ് ബൂതുകളിലും വെബ്കാസ്റ്റിങ് ഏര്‍പെടുത്തി. പോളിങ് അവസാനിക്കുന്നത് വരെയുള്ള പോളിങ് ബൂതുകളിലെ നടപടികള്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം. 

വോടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ് പിമാര്‍, ഏഴ് സിഐമാര്‍, 58 എസ്‌ഐ/എഎസ്‌ഐമാര്‍, 399 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 142 സായുധപൊലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 64 കേന്ദ്രസായുധപൊലീസ് സേനാംഗങ്ങള്‍ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി, ഡിഐജി, സോണല്‍ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തിക്കും.

നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസാണു മുഖ്യ എതിരാളി. രണ്ട് തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ടിയുടേത് ഉള്‍പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്. 

ചൊവ്വാഴ്ച (05.09.2023) പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍കാര്‍, അര്‍ധ സര്‍കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്കു പൊതുഅവധിയാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി. മണ്ഡലത്തില്‍ വൈകിട്ട് 6 വരെ നിരോധനാജ്ഞ നിലവിലുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പൊതുസമ്മേളനങ്ങളും നടത്തുന്നതും വിലക്കി. പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ 91,92,93,94 നമ്പര്‍ ബൂതുകള്‍ അതീവജാഗ്രതാ ബൂതുകളായി കണ്ടെത്തി. ഈ 4 ബൂതുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പൊലീസ് ഓഫിസറെ കൂടി നിയമിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂതില്‍ രാവിലെ ഒന്‍പതിനു വോട് ചെയ്യും. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാവും വോട് രേഖപ്പെടുത്തുക. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂതില്‍ രാവിലെ ഏഴിന് വോടു രേഖപ്പെടുത്തും. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോടില്ല. മന്ത്രി വി എന്‍ വാസവന്‍ പാമ്പാടി എംജിഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വോട് രേഖപ്പെടുത്തും.

News, Kerala, Kerala-News, Top-Headlines, Political-News, Kottayam News, Puthupally News, Oommen Chandy, Former CM, Name, Voter List, By-election, Kottayam: Oommen Chandy's name in voter list for Puthuppally By-election.



Keywords: News, Kerala, Kerala-News, Top-Headlines, Political-News, Kottayam News, Puthupally News, Oommen Chandy, Former CM, Name, Voter List, By-election, Kottayam: Oommen Chandy's name in voter list for Puthuppally By-election.

Post a Comment