ചെര്‍ക്കള: (www.kasargodvartha.com) കുടകില്‍ മദ്യനിര്‍മാണ കേന്ദ്രം നടത്തിവന്ന കാസര്‍കോട്ടെ ഹാശിം എക്‌സൈസിന്റെ നോട്ടപ്പുള്ളിയാണെന്ന് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ഹാശിമിനെതിരെ എട്ട് കേസുകള്‍ ഉണ്ടെന്നാണ് അധികൃതർ നല്‍കുന്ന സൂചന. വിദ്യാനഗര്‍ പൊലീസില്‍ ഇയാള്‍ക്കെതിരെ അക്രമ കേസുണ്ടെന്നും കേസ് വിചാരണ ഘട്ടത്തിലാന്നെന്നും പൊലീസും വെളിപ്പെടുത്തുന്നു.
കർണാടകയിലെ കുടക് കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം ഉത്പാദിപ്പിച്ച് ഇൻഡ്യൻ നിര്‍മിത വിദേശ മദ്യം എന്ന ലേബലില്‍ വില്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാനഗര്‍ പൊലീസ്റ്റേഷന്‍ പരിധിയിലെ കെ. ഹാശിമിനെ(45) കുടക് ബാഗമണ്ഡലം തവുരുവില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടില്‍ ഭാര്യയുള്ള ഹാശിം കുടക് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം കുടകില്‍ തന്നെ താമസിച്ച് മദ്യം നിര്‍മാണവും വിതരണവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നാണ് അറസ്റ്റ് നടപടിക്ക് നേതൃത്വം നല്‍കിയ കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ രാമരാജന്‍ വെളിപ്പെടുത്തിയത്.
ഹാശിമിന്റെ ഡിസ്റ്റലറി റെയ്ഡ് ചെയ്ത പൊലീസ് 60 കിലോഗ്രാം മദ്യനിര്‍മാണ വസ്തുക്കളും 2000 കാലി കുപ്പികളും ഇൻഡ്യൻ നിര്‍മിത വിദേശ മദ്യവും ലേബലുകളും പിടിച്ചെടുത്തിട്ടുണ്ട്.
കര്‍ണാടകയിലും കാസര്‍കോട് കണ്ണൂര്‍ ജില്ലയിലുമാണ് ഹാശിം വ്യാജമദ്യം ഉണ്ടാക്കി വിതരണത്തിന് എത്തിക്കുന്നത്. സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് വ്യാജമദ്യ നിര്‍മാണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് എസ്പി യുടെ നിര്‍ദേശമനുസരിച്ച് മടിക്കേരി ഡി വൈ എസ് പി, എ ജഗദീഷ്, ഇന്‍സ്‌പെക്ടര്‍ കെ വി അനൂപ് മണ്ഡപ്പ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് ഡിസ്റ്റലറി റെയ്ഡ് ചെയ്തത്.
അനധികൃത മദ്യനിര്‍മാണം അതീവ രഹസ്യമായാണ് നടന്നു വന്നിരുന്നത്. വ്യാജ മദ്യത്തിന്റെ വിതരണ ശൃംഖലയെ കണ്ടെത്താന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്താനാണ് കുടക് പൊലീസിന്റെ തീരുമാനം.
ചുരുങ്ങിയ കാലയളവ് കൊണ്ട് ഹാശിം വലിയ സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ പുതിയ ആഡംബര വീട് നിർമിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തറവാട് വീട്ടിലാണ് ഇയാള്‍ കാസര്‍കോട് വന്നാല്‍ താമസിക്കുന്നത്.
കാസര്‍കോട് ചെര്‍ക്കളയിലാണ് ഹാശിമിന്റെ പ്രധാന മദ്യ വ്യാപാര കേന്ദ്രം. ഇവിടെ മദ്യ വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത് തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ്.
ഇതില്‍ ഒരാള്‍ മദ്യത്തിനടിമപ്പെട്ട് ശരീരം ശോഷിച്ച് അസുഖബാധിതനായി മാറിയിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നുന്നത്. ഇയാള്‍ ഇവിടെ തന്നെ ആഡംബര വീട് നിര്‍മിച്ചിട്ടുണ്ട്.
പണം ഇടപാടുമായി ബന്ധപ്പെട്ട് കുമ്പള സ്വദേശിയെ തട്ടികൊണ്ടു പോയതിനും ഹാശിമിനെതിരെ കേസുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
കുടക് മദ്യ കേസ് പുറത്ത് വന്നതോടെ ഹാശിമിന്റെ വീട്ടില്‍ പൊലിസ് എത്തി യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു മടങ്ങി. ഗുണ്ടാ ഹാശിം എന്നാണ് ഇയാള്‍ നാട്ടില്‍ അറിയപ്പെടുന്നത്.
ചെര്‍ക്കളയിലും മറ്റ് പ്രദേശങ്ങളിലും അതിഥി തൊഴിലാളികള്‍ക്കിടയിലാണ് ഹാശിമിന്റെ വ്യാജമദ്യം കാര്യമായി വിറ്റുപോകുന്നത്.
Keywords: Kerala News, Kasaragod News, Malayalam News, Crime, Arrested, Hashim, held with hooch materials, is notorious in Kasaragod too.
< !- START disable copy paste -->