മഴവെള്ളം പീസോഇലക്ട്രിക് സ്വഭാവമുള്ള വസ്തുക്കളുടെ മുകളിലേക്ക് പതിക്കുമ്പോൾ യാന്ത്രികോർജം ഉണ്ടാവുകയും അതിനെ വൈദ്യുതോർജമാക്കി മാറ്റാൻ കഴിയുന്നതുമാണ് പ്രസ്തുത സാങ്കേതികവിദ്യ. ലെഡ് ടൈറ്റാനേറ്റ്, ലെഡ് സിർകോനേറ്റ് ടൈറ്റാനേറ്റ്, ബേരിയം ടൈറ്റാനേറ്റ് പോലെയുള്ള പീസോഇലക്ട്രിക് വസ്തുക്കൾ ഉപയോഗിച്ചോ പ്രകൃതിദത്തമായി ലഭിക്കുന്ന ക്വാർട്സ് ക്രിസ്റ്റൽ, ടോപാസ്, എല്ല് തുടങ്ങിയ പീസോഇലക്ട്രിക് പ്രഭാവം കാണിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചോ ഇക്കാര്യം സാധ്യമാക്കാമെന്ന് എൻ എ നെല്ലിക്കുന്ന് വിശദീകരിച്ചു.
സന്തുലിതമായ ഒരു പരിസ്ഥിതിക്ക് വേണ്ടി പുനരുപയോഗിക്കാവുന്ന ഊർജത്തെ പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും സഗൗരവം നടന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ആശയങ്ങളുടെ പ്രസക്തി വളരെ വലുതാണെന്നും എംഎൽഎ പറഞ്ഞു. മഴവെള്ളം ഉപയോഗിക്കാനാവാതെ പഴായിപ്പോകുന്നത് വേദനാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആശയം ആലോചിക്കാവുന്നതാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മറുപടി നൽകി.