ഫോർട് റോഡ്, സിറാമിക്സ് റോഡ്, ഹൊന്നമൂല, പുലിക്കുന്ന്, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയത്. ഈ പ്രദേശങ്ങളിലെ 80 ശതമാനം ജനങ്ങളും ജലവിഭവ വകുപ്പിന്റെ കുടിവെള്ളം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാന്നെന്ന് ഹൊന്നമൂല 21-ാം വാർഡ് കൗൺസിലർ സകീന മൊയ്തീൻ കാസർകോട് വാർത്തയോട് പറഞ്ഞു. അടുത്ത ദിവസത്തിനുള്ളൽ കുടിവെള്ളം എത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി വാടർ അതോറിറ്റി ഓഫീസിന് മുന്നിൽ താൻ നിരാഹാരം കിടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഉയർന്ന പ്രദേശം ആയത് കൊണ്ട് നഗരസഭയിലെ പല വാർഡുകളിലും മഴക്കാലത്തും കിണറുകളിൽ കുടം മുങ്ങാനുള്ള വെള്ളം പോലുമില്ല. മഴയുടെ ലഭ്യത കുറവായത് കൊണ്ട് വെള്ളം കിട്ടികൊണ്ടിരുന്ന കിണറുകളിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. നഗരസഭയിലെ ആയിരകണക്കിന് കുടുംബാംഗങ്ങളാണ് കുടിവെള്ളം കിട്ടാതെ പരക്കം പായുന്നതെന്ന് സകീന മൊയ്തീൻ പറയുന്നു. പലരും പരാതിയുമായി ജനപ്രതിനിധികളുടെ വീടുകളിലാണ് എത്തുന്നത്. പ്രശ്നം ഇത്രയും രൂക്ഷമായിട്ടും ഭരണാധികാരികളും രാഷ്ട്രീയ പാർടികളും പ്രതികരിക്കാത്തതിൽ നഗരവാസികൾ കടുത്ത അമർഷത്തിലാണ്.