തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് പേരുടെയും പോസ്റ്റ് മോർടം നടപടികൾ ചൊവ്വാഴ്ച പുലർചെ മൂന്ന് മണിയോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ പൂർത്തിയാക്കാനായി. അപകടം അറിഞ്ഞ ഉടൻ പൊലീസിന്റെയും ആശുപത്രി ജീവനക്കാരുടെയും നേതാക്കളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും ഇടപെടലും സജീവമായിരുന്നു. ഇവർ എണ്ണയിട്ട യന്ത്രപോലെ പ്രവർത്തിച്ചു.
കേരളത്തിലെ അഞ്ച് മെഡികൽ കോളജുകൾക്ക് പുറമെ രാത്രികാല പോസ്റ്റ് മോർടം സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസർകോട് ജെനറൽ ആശുപത്രി. ഇക്കാര്യം ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎയും മറ്റും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായിരുന്നു ഇത്. ജെനറൽ ആശുപത്രിയിലെ രാത്രി പോസ്റ്റ് മോർടത്തിനുള്ള സൗകര്യവും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി.
പുലർചെ മൂന്ന് മണിയോടെയാണ് വാഹനപകടത്തിൽ മരിച്ച അബ്ദുർ റഊഫിന്റെ മൃതദേഹം ജെനറൽ ആശുപത്രിയിലെ മോർചറിയിൽ നിന്നും സി എച് സെൻ്ററിൻ്റെ ആംബുലൻസിൽ മാലിക് ദീനാർ മസ്ജിദിലേക്ക് കുളിപ്പിക്കൽ കർമത്തിന് കൊണ്ടുപോയത്. സഹോദരിമാരായ മൊഗ്രാൽ പുത്തൂർ മൊഗറിലെ ബീഫാത്വിമ, കടവത്ത് ദിടുപ്പയിലെ ഉമ്മു ഹലീമ, ബെള്ളൂരിലെ നഫീസ, ഇവരുടെ പിതാവിന്റെ അനുജന്റെ ഭാര്യ ബീഫാത്വിമ എന്നിവരുടെ മൃതദേഹങ്ങൾ അതിന് മുമ്പായി മാലിക് ദീനാർ മസ്ജിദിൽ കുളിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോയിരുന്നു.
ജെനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദിന്റെ പ്രത്യേക നിർദേശ പ്രകാരം ഫോറൻസിക് സർജൻ ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി തന്നെ പോസ്റ്റ് മോർടത്തിന് നേതൃത്വം നൽകിയത്. ജീവനക്കാരായ രവീന്ദ്രൻ, ക്രിസ്റ്റിഫർ, വിപിൻ, വിജയദാസ്, ചാരിറ്റി വോളന്റീയർ മാഹിൻ കുന്നിൽ തുടങ്ങിയവർ മോർചറിയിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്നു.
കാസർകോട് ഡി വൈ എസ് പി പി സുധാകരൻ, സി ഐ പി അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും കാര്യങ്ങൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ടായി. ബദിയടുക്ക, വിദ്യാനഗർ, കാസർകോട് ടൗൺ, വനിതാ സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസുകാർ നാല് സംഘമായിട്ടാണ് ഇൻക്വസ്റ്റിന് നേതൃത്വം നൽകിയത്. മരിച്ചവരിൽ നാല് പേർ സ്ത്രീകളായതിനാൽ ഏറെ സൂക്ഷിച്ചാണ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സന്നദ്ധ പ്രവർത്തകരും മരണാനന്തര കാര്യങ്ങൾ ചെയ്തത്. ഒരു പരാതിയും വരാത്ത രീതിയിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വേഗത്തിൽ വിട്ടുകൊടുക്കാൻ കഴിഞ്ഞതിൽ വലിയ അഭിന്ദനമാണ് ഇവർക്ക് ലഭിച്ചത്.
ജില്ലാ കലക്ടർ കെ ഇമ്പശേഖർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന് , എകെഎം അശ്‌റഫ്, ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ബ്ലോക് പഞ്ചായത് വൈസ് പ്രസിഡന്റ് പി എ അശ്‌റഫ് അലി, ജില്ലാ പഞ്ചായത് അംഗം പി ബി ശഫീഖ്, നഗരസഭാ കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സിയാന ഹനീഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ഡിസിസി പ്രസിഡന്റ് പി എ ഫൈസൽ, സിപിഎം ജില്ലാ കമിറ്റി അംഗം കരീം പാണലം, ഐഎൻഎൽ ജില്ലാ ജെനറൽ സെക്രടറി അസീസ് കടപ്പുറം, മുൻ മന്ത്രി സി ടി അഹ്‌മദ് അലി, സിപിഎം ഏരിയ സെക്രടറി കെ എം മുഹമ്മദ് ഹനീഫ്, ലോകൽ സെക്രടറിമാരായ അനിൽ ചെന്നിക്കര, റഫീഖ് കുന്നിൽ, മുസ്ലിം ലീഗ് നേതാക്കളായ മൂസ ബി ചെർക്കള, മാഹിൻ കേളോട്ട്, മുജീബ് കമ്പാർ, ടി എം എ ഇഖ്ബാൽ, നാസർ ചെർക്കളം, അശ്‌റഫ് എടനീർ, എ കെ ആരിഫ്, അശ്‌റഫ് കർള, ശാഹിന സലീം, ഫാറൂഖ് പുത്തൂർ, ഖലീൽ ശെയ്ഖ്, സിദ്ദീഖ് ബേക്കൽ, ഫൈസൽ ചെർക്കള, കോൺഗ്രസ് നേതാവ് മനാഫ് നുള്ളിപ്പാടി തുടങ്ങിയവർ ആശുപത്രിയിലെത്തി കാര്യങ്ങൾക്ക് നേതൃത്വം നൽകി. ഇവരിൽ പലരും അവസാനം വരെയും ആശുപത്രിയിൽ സജീവമായി ഉണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. ഏരിയ സെക്രടറി കെ എം മുഹമ്മദ് ഹനീഫും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരും മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Keywords: News, Kasaragod, Kerala, Accident, Badiadka, General Hospital, Mogral Puthur, Badiadka Accident: Cooperation and coordination of government departments and public.
< !- START disable copy paste -->