ബോവിക്കാനം: (www.kasargodvartha.com) മുളിയാർ പഞ്ചായതിലെ ആറ്, എട്ട് വാർഡുകളിൽ കാട്ടാന ശല്യം രൂക്ഷമായി. ആനയുടെ അക്രമണ ഭീഷണി നില നിൽക്കുന്നതിനെ തുടർന്ന് കാനത്തൂർ ഗവ. യു പി സ്‌കൂളിന് അവധി നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഡിഎഫ്ഒ കെ അശ്റഫ്, കാസർകോട് ഫോറസ്റ്റ് റേൻജ് ഓഫീസർ സോളമൻ, എസ്എഫ്ഒ രാജീവ്, ജയൻ, പ്രവീൺ തുടങ്ങി 20 ഓളം ഉദ്യോഗസ്ഥരാണ് ആനയെ തുരത്താൻ രംഗത്തുള്ളത്.
11 ആനകളാണ് കർണാടക അതിർത്തി കടന്ന് കേരള അതിർത്തിയിലെ കാടുകളിൽ നിന്ന് പുറത്തെത്തി ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്. ഇതിൽ ഒമ്പത് ആനകളെ നേരത്തെ തുരത്തി അതിർത്തി കടത്തിയതായി ഫോറസ്റ്റ് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. ഇതിൽ രണ്ടാനകളാണ് ബാക്കിയുള്ളത്. ഒരു ആന കാനത്തൂർ ഭാഗത്തും മറ്റൊരു ആന ചെറ്റോണി ഭാഗത്തും ഉള്ളതായി അധികൃതർ അറിയിച്ചു.
ഇതിൽ കാനത്തൂർ ഭാഗത്തെ ആനയെ കർണാടക അതിർത്തിയിലെ കൊടും വനത്തിലേക്ക് തുരത്തി കൊണ്ടുവരാൻ ശ്രമിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ് കാട്ടാന ചെയ്യുന്നത്. നിരവധി വാഴത്തോട്ടങ്ങൾ ചവിട്ടി മെതിച്ച് നശിപ്പിച്ചിരുന്നു. മറ്റ് കാർഷിക വിളകളും നശിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
മൂന്ന് ദിവസം കൊണ്ട് രണ്ട് ആനകളെയും അതിർത്തിയിലെ സോളാർ തൂക്കുവേലി കടത്തുകയാണ് അധികൃതരുടെ ലക്ഷ്യം. ആനകളെ ഓടിക്കുമ്പോൾ അവ സ്കൂൾ പരിസരത്തിലൂടെ പോകാനുള്ള സാധ്യതയെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചത്. സ്കൂളിൽ നിന്ന് 200 മീറ്റർ മാറിയുള്ള കാട്ടിലാണ് ആനകളുള്ളതെന്നും അധികൃതർ പറഞ്ഞു.
നിരവധി കുട്ടികൾ കാടുവഴിയിലൂടെ സഞ്ചരിച്ചാണ് വീടുകളിൽ എത്തുന്നത്. കാനത്തൂർ നെല്ലങ്കയം, കൂടാല, ബീട്ടിയടുക്കം, മൊട്ടം, നിരപ്പേൽ ഭാഗങ്ങളിലും ആനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആന ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. ഇത്തരത്തിൽ പ്രശ്നക്കാരായവ കാടിറങ്ങിയ വന്ന ആനക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Keywords: Muliyar, Wild elephant, Forest, Malayalam News, Chandera, Hosdurg,Police Booked, Kerala News, Kasaragod News, Wild elephant menace in Kasaragod
Wild elephant | കാസർകോട്ട് കാട്ടാനയിറങ്ങി; സ്‌കൂളിന് അവധി നൽകി; ഒരു ആനയെ അതിർത്തി കടത്താൻ വനം വകുപ്പിന്റെ ശ്രമം തുടരുന്നു; ദൗത്യത്തിൽ പങ്കെടുക്കുന്നത് ഡി എഫ് ഒ അടക്കം 20 വനപാലകർ
കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു