തിരുവനന്തപുരം: (www.kasargodvartha.com) വീണ്ടും അപകടക്കെണിയായി മുതലപ്പൊഴി. മീന്‍പിടുത്ത വള്ളം മറിഞ്ഞ് രണ്ട് മീന്‍പിടുത്തതൊഴിലാളികള്‍ അപകടത്തില്‍പെട്ടു. മീന്‍പിടിച്ച് തിരിച്ചുവരുമ്പോള്‍ പൊഴിമുഖത്ത് വെച്ചാണ് വള്ളം മറിഞ്ഞത്. കടലില്‍ വീണ ഇരുവരെയും രക്ഷപെടുത്തി. റഹാത്ത് എന്ന വള്ളമാണ് മറിഞ്ഞത്. നാല് മീന്‍പിടുത്തതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
അതേസമയം, ശക്തമായ തിരയില്‍പെട്ട് മുതലപ്പൊഴിയില്‍ മീന്‍പിടുത്ത വള്ളങ്ങള്‍ അപകടത്തില്‍പെടുന്നത് തുടര്‍ക്കഥയാകുകയാണ്. അതേസമയം, നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുതലപ്പൊഴിയില്‍ അപകടം നടക്കുന്ന പ്രദേശത്തെ ആഴം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 8 നാണ് മുതലപ്പൊഴിയില്‍ മീന്‍പിടുത്തത്തിന് പോയ വള്ളം കടലില്‍ കുടുങ്ങിയത്.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോടില്‍ കെട്ടി വലിച്ചാണ് കടലില്‍ കുടുങ്ങിയ ബോടിനെ തീരത്ത് എത്തിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരുന്നു. 19 നോടികല്‍ മൈല്‍ ദൂരെയാണ് വള്ളം കുടുങ്ങിയത്. ശാന്തിപുരം സ്വദേശിയുടെ കടലമ്മ എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്.
ഓഗസ്റ്റ് 7ന് നാല് മീന്‍പിടുത്ത തൊഴിലാളികളുമായി പോയ വള്ളം തലകീഴായി മറിഞ്ഞ് അപകടം നടന്നിരുന്നു. ബോടില്‍ ഉണ്ടായിരുന്ന നാല് പേരും നീന്തി രക്ഷപ്പെട്ടു. സെന്റ് പീറ്റേഴ്സ് എന്ന വള്ളമാണ് മറിഞ്ഞത്. മണികണ്ഠന്‍, ജോസ്ഫ്രിന്‍, ജസ്റ്റിന്‍, ജോര്‍ജ് എന്നിവരാണ് അപകടത്തില്‍പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് അപകടത്തില്‍പെട്ട വള്ളം കരയ്ക്ക് എത്തിക്കുകയായിരുന്നു.
ഈ മാസം മൂന്നിനാണ് വര്‍ക്കല സ്വദേശികളായ 16 പേര്‍ മീന്‍പിടുത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. വര്‍ക്കല സ്വദേശി നൗശാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ചെ പുറപ്പെട്ട വള്ളം ശക്തമായ തിരയില്‍ മറിയുകയായിരുന്നു. മീന്‍പിടുത്ത തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ രക്ഷപ്രവര്‍ത്തനത്തിലാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്.
ജൂലൈ 22, 30, 31 തീയതികളിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. മീന്‍പിടുത്ത വള്ളം ശക്തമായ തിരയില്‍പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടാണ് ജൂലൈ 22ന് അപകടം ഉണ്ടായത്.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Boat Accident, Thiruvananathapuram, Muthalappozhi, Fishing Boat, Labours, Thiruvananathapuram: Muthalappozhi fishing boat accident again.