തിരുവനന്തപുരം: (www.kasargodvartha.com) താനൂരില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടു. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. താമിറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
താമിര്‍ ജിഫ്രി കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം മുന്‍പ് തന്നെ സര്‍കാരിനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം സംസ്ഥാനം സിബിഐയ്ക്ക് കൈമാറി ഉത്തരവിറക്കിയത്.
ലഹരിക്കേസില്‍ താനൂര്‍ പൊലീസ് പിടികൂടിയ അഞ്ച് പേരിലൊരാളായ മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി (30) ഓഗസ്റ്റ് ഒന്നിന് പുലര്‍ചെയാണ് മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് താമിറിന്റെ മരണമെന്നാണ് ഇത് സംബന്ധിച്ച് താനൂര്‍ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപോര്‍ടില്‍ (എഫ്‌ഐആര്‍) പറയുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസ് മര്‍ദനം സംബന്ധിച്ച സൂചനകള്‍ ലഭിച്ചു.
സംഭവത്തില്‍ താനൂര്‍ സ്റ്റേഷനിലെ എസ്‌ഐ അടക്കം 8 പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. താനൂര്‍ സ്റ്റേഷനിലെ എസ് ഐ കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ ലിപിന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇക്കൂട്ടത്തില്‍ എസ്ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്. ആകെ 8 പേരെ സസ്പെന്‍ഡ് ചെയ്തു. ഇതില്‍ 4 പേരും ഡാന്‍സാഫ് ടീമില്‍ ഉള്ളവരാണ് എന്നാണ് വിവരം.
താമിറിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോര്‍ടത്തില്‍ കണ്ടെത്തിയത്. മഞ്ചേരി മെഡികല്‍ കോളജ് മോര്‍ചറിയില്‍ നടത്തിയ പോസ്റ്റുമോര്‍ടത്തിന്റെ റിപോര്‍ട് ഫൊറന്‍സിക് വിഭാഗത്തില്‍നിന്ന് ദേശീയ മനുഷ്യാവകാശ കമിഷന്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്, പൊലീസ്, അന്വേഷണ സംഘം എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Tanur, Custody Death, Case, CBI, Police, Cm Pinarayi, Tanur custody death: Case handed over to CBI.