കാസർകോട്: (www.kasargodvartha.com) നാളികേര വികസന ബോര്‍ഡിന്റെയും കാസർകോട് ഐസിഎആര്‍-സിപിസിആര്‍ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25ാമത് ലോക നാളികേര ദിനാഘോഷം സെപ്റ്റംബര്‍ രണ്ടിന് സിപിസിആര്‍ഐയുടെ പിജെ ഹോളില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും. ഐസിഎആറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജെനറല്‍ (ഫ്രൂട്സ് ആന്‍ഡ് പ്ലാന്റേഷന്‍ ക്രോപ്‌സ്), നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി ബി പട്ടേല്‍, രേണുകുമാര്‍ ബി എച്, പി ആര്‍ മുരളീധരന്‍ തുടങ്ങിയവർ സംബന്ധിക്കും. ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ ബി. ഹെബ്ബാര്‍, നാളികേര വികസന ബോര്‍ഡ്, മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി ഹനുമന്ത ഗൗഡ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തും.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരോഗമന കര്‍ഷകരും സംരംഭകരും ഉത്പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുക്കും. 2023 ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം 'വര്‍ത്തമാന - ഭാവി തലമുറയ്ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക' എന്നതാണ്. സംസ്ഥാന കൃഷി/ഹോര്‍ടികള്‍ചര്‍ വകുപ്പുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പ്രാദേശിക ഓഫീസുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വിത്തുല്‍പാദന പ്രദര്‍ശന തോട്ടങ്ങളിലും ലോക നാളികേര ദിനം ആഘോഷിക്കും.
പരിപാടിയുടെ ഭാഗമായി മികച്ച ലാഭത്തോടെ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ് മീറ്റും കാസർകോട്ട് നടക്കും. സാങ്കേതിക സെഷനുകളും, കര്‍ഷക കൂട്ടായ്മകള്‍ നിര്‍ദേശിക്കുന്ന നാളികേര ബിസിനസ് പ്ലാനുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ചയും ഇതോടൊപ്പം ഉണ്ടായിരിക്കും. 25ലധികം സംരംഭകരുടെ സാങ്കേതികവിദ്യകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തില്‍ സിപിസിആര്‍ഐ ഡയരക്ടര്‍ ഡോ. കെ.ബി ഹെബ്ബാര്‍, സോഷ്യല്‍ സയന്‍സ് തലവന്‍ ഡോ. കെ മുരളീധരന്‍, ചീഫ് ടെക്‌നികല്‍ ഓഫീസര്‍ കെ ശ്യമപ്രസാദ് എന്നിവർ സംബന്ധിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, World Coconut Day, Malayalam News, CPCRI, Shobha Karandlaje, Shobha Karandlaje to Inaugurate World Coconut Day Celebrations at CPCRI, Kasaragod.
Coconut Day | ലോക നാളികേര ദിനം കാസർകോട് സിപിസിആര്‍ഐയില്‍ സെപ്റ്റംബര്‍ 2ന് വിപുലമായി ആഘോഷിക്കും; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ഉദ്ഘാടനം ചെയ്യും
പുരോഗമന കര്‍ഷകരും സംരംഭകരും ഉത്പാദകരും ഗവേഷകരും പങ്കെടുക്കും
World Coconut Day, കാസറഗോഡ് വാർത്തകൾ, Malayalam News, CPCRI, Shobha Karandlaje