റോഡിനരികിലായി പൊലീസുകാർ വാഹന പരിശോധന നടത്തുന്നതും തൊട്ടടുത്തായി മിഴി തുറന്നിരിക്കുന്ന എഐ കാമറയെയും വീഡിയോയിൽ കാണാം. 'ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി' എന്ന ദുൽഖർ സൽമാന്റെ മാസ് ഡയലോഗ് പൊലീസുകാർക്ക് നേരെയും 'ഞാൻ എന്താ പൊട്ടനാ' എന്ന സിനിമാ താരം ബാലയുടെ കലിപ്പിലുള്ള ഡയലോഗ് എഐ കാമറയുടെ പശ്ചാത്തലത്തിലും സന്ദർഭോചിതമായി ട്രോൾ വീഡിയോയിൽ ചേർത്തിട്ടുണ്ട്.
ഹെൽമെറ്റ്, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ എഐ കാമറകൾ സ്വയം കണ്ടുപിടിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈയൊരു സാഹചര്യത്തിൽ എഐ കാമറയുടെ മൂക്കിന് താഴെ പൊലീസ് പരിശോധന എന്തിനാണ് എന്നാണ് നെറ്റിസൻസ് ചോദിക്കുന്നത്. പൊലീസും എഐ കാമറയും കണ്ടെത്തുന്ന ഒരേ നിയമ ലംഘനത്തിന് രണ്ടുതവണ പിഴയടക്കേണ്ടി വരുമോയെന്നാണ് ഇവരുടെ സംശയം.