Join Whatsapp Group. Join now!
Aster MIMS 25/06/2023

Vigilance Raid | ഓപറേഷൻ ഇ സേവ: കാസർകോട്ടെ അക്ഷയ കേന്ദ്രങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയെന്ന് അധികൃതർ

'ദാർഷ്ട്യത്തോടെ പെരുമാറുന്നതായും പരാതി'
കാസർകോട്: (www.kasargodvartha.com) സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ ഭാഗമായി കാസർകോട്ടെ വിവിധ അക്ഷയ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപറേഷൻ ഇ സേവ എന്ന പേരിലായിരുന്നു പരിശോധന.
  


കാസർകോട്ട് വിജിലൻസ് ഡിവൈഎസ്പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ആരിക്കാടി, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, ബി സി റോഡ് എന്നിവിടങ്ങളിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിജിലൻസ് ഇൻസ്‌പെക്ടർ സുനുമോന്റെ നേതൃത്വത്തിൽ ചട്ടഞ്ചാൽ, പടുപ്പ് എന്നിവിടങ്ങളിലും ഇൻസ്‌പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ അക്ഷയ കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന.

  



അമിത ഫീസ് വാങ്ങുന്നത് പിടികൂടാൻ കഴിഞ്ഞിട്ടില്ലെങ്കിലും പലയിടത്തും സേവനത്തിന് ഈടാക്കുന്ന നിരക്കുകൾ രേഖപ്പെടുത്തിയ ബോർഡുകൾ പൊതുജനങ്ങൾക്ക് കാണുന്ന തരത്തിൽ പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. ഇതുകൂടാതെ സേവനത്തിന് എത്തുന്ന പൊതുജനങ്ങളോട് ദാർഷ്ട്യത്തോടെ പെരുമാറുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

ക്രമക്കേട് സംബന്ധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് ജില്ലാ കളക്ടർക്കും അക്ഷയ ജില്ലാ കോർഡിനേറ്റർക്കും നൽകുമെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാറിന്റെ നിർദേശ പ്രകാരമാണ് സംസ്ഥാന വ്യാപകമായി 130 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്. കാസർകോട്ട് പലയിടത്തും സർക്കാരിൽ അടക്കുന്ന ഫീസിന്റെ ലഡ്ജർ സൂക്ഷിച്ചിട്ടുണ്ടെങ്കിലും പൊതുജങ്ങൾക്ക് നൽകേണ്ട റസിപ്റ്റ് നൽകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും സൂക്ഷിച്ചിട്ടില്ല.


Keywords: News, Kerala, Kerala News, Kasaragod, Kasaragod News, Malayalam News, Vigilance Raid, Operation E-Seva, Akshaya Center, Operation E-Seva: Vigilance inspection in akshaya centre.

Post a Comment