മസ്ഖത്: (www.kasargodvartha.com) വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്ന് ഖസബിലേക്ക് പോവുകയായിരുന്ന ഹെവി പികപ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ് ഒരാഴ്ച മുന്‍പ് ഖസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു.
പിതാവിന്റെ സഹോദരീ പുത്രനോടൊപ്പം ഹെവി പികപ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങിവരവെ ഞായറാഴ്ച പുലര്‍ചെ 12.30 മണിയോടെയാണ് അപകടമുണ്ടായത്. ഖസബില്‍ നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ച് ഇവര്‍ സഞ്ചരിച്ച പികപ് വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു വെച്ച്തന്നെ മരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോള്‍ ഖസബിലാണ് ഉള്ളത്. ചക്കരക്കല്‍ സ്വദേശിനിയായ തസ്ലീമ മുഹമ്മദ് റഫീഖാണ് മാതാവ്. സഹോദരിമാര്‍: റിസ്വാന (ബിഡിഎസ് വിദ്യാര്‍ഥി, അഞ്ചരക്കണ്ടി മെഡികല്‍ കോളജ്), ആഇശ (വിദ്യാര്‍ഥിനി, മുണ്ടേരി ഗവ. ഹൈസ്‌കൂള്‍), റിസ (വിദ്യാര്‍ഥിനി, കാഞ്ഞിരോട് എയുപി സ്‌കൂള്‍).
മൃതദേഹം ഖസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖസബില്‍ തന്നെ കബറടക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി കസബ് കെഎംസിസി പ്രസിഡന്റ് സിദ്ദിഖ് കണ്ണൂര്‍ അറിയിച്ചു. കുടുക്കിമൊട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ട്രസ്റ്റിന്റെ വളന്‍ഡിയറായിരുന്നു റാഹിദ്. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. റാഹിദിന്റെ വേര്‍പാട് കുടുക്കിമൊട്ട ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്. നിരവധിയാളുകളാണ് ദുരന്തവാര്‍ത്തയറിഞ്ഞ് റാഹിദിന്റെ വീട്ടില്‍ അനുശോചനമറിയിക്കാനെത്തിയത്.
Keywords: Kannur, Gulf, Oman, Accident, Road, Obituary, Death, Medical student, Oman: Malayali medical student died in accident.