നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പഴയകാല താരവും കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ അഡ്വ. പി എം ശകീൽ അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര മുഖ്യാതിഥിയായിരുന്നു. നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് കെ എം ഹനീഫ് അധ്യക്ഷത വഹിച്ചു. അകാഡമിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെ കുറിച്ച് ക്ലബ് വൈസ് പ്രസിഡണ്ട് ടി എ ശാഫി വിശദീകരിച്ചു. ബഹ്‌റൈന്‍ - കേരള കെഎംസിസി സെക്രടറി സലിം ബഹ്‌റൈന്‍ ജേഴ്‌സി പ്രകാശനം ചെയ്തു.
വളര്‍ന്ന വരുന്ന തലമുറയ്ക്ക് വളരെയേറെ ഉപകാരപ്രദമായ വലിയ സ്ഥാപനമായി വളര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് യഹ്യ തളങ്കര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കായിക പ്രതിഭകള്‍ക്ക് കോചിങ് നല്‍കി വളര്‍ത്തിക്കൊണ്ട് വന്ന് ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ കളിക്കുന്ന തരത്തില്‍ അവരെ മാറ്റുന്നതിനുള്ള ഭഗീരഥ പ്രയത്‌നമാണ് നടത്തുന്നതെന്നും ഇതിന് വെല്‍ഫിറ്റ് ഗ്രൂപിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അകാഡമിക്ക് കീഴില്‍ കളിച്ച് വരുന്ന കുട്ടികള്‍ക്ക് ശരിയായ കോചിങ് ലഭിക്കുകയും ഘടന പഠിക്കുകയും ടീമായി ഒത്തൊരുമിച്ച് കളിക്കാനും പരിശീലനം നേടുകയും ചെയ്യുമെന്ന് അഡ്വ. പി എച് ശകീല്‍ പറഞ്ഞു. തളങ്കരയില്‍ നിന്ന് കുറെ ഫുട്‌ബോള്‍ താരങ്ങള്‍ ഇന്‍ഡ്യന്‍ ടീമിന് വേണ്ടി കളിക്കുന്ന അവസരത്തിനായി സ്വപ്നം കാണുകയാണെന്നും ആ സ്വപ്നത്തിലേക്കുള്ള തുടക്കമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകന്‍ ടി എ ശാഫി പറഞ്ഞു. ഇത് ചരിത്ര നിമിഷമാണെന്നും വളരെ കാലത്തെ ആഗ്രഹമാണ് പൂവണിയുന്നതെന്നും നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് കെ എം ഹനീഫ് പ്രസ്താവിച്ചു. യഹ്യ തളങ്കരയ്ക്ക് പിന്നില്‍ പൂര്‍ണപിന്തുണയുമായി നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഉണ്ടാവുമെന്നും എല്ലാ നാട്ടുകാരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലാ ടീമിന്റെയും പയ്യന്നൂര്‍ കോളജിന്റെയും കോചും ആര്‍മി താരവുമായ ശശീന്‍ ചന്ദ്രന്റെ നേതൃത്വത്തിൽ നവാസ് പള്ളിക്കാല്‍, കമ്മു എന്നിവരാണ് ഫുട്‌ബോള്‍ അകാഡമിയില്‍ ആദ്യഘട്ട പരിശീലനത്തിന് നേതൃത്വം നല്‍കുക. 280 കുട്ടികളാണ് അകാഡമിയില്‍ അംഗത്വം നേടിയത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അകാഡമിയിലെ കുട്ടികളെ അണിനിരത്തി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന പരേഡ് വർണാഭവമായി.