city-gold-ad-for-blogger

T V Chandran | കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സിനിമാക്കാരനെ തേടി ഡാനിയേല്‍ പുരസ്‌കാരം

എഴുത്തുപുര 

 -പ്രതിഭാരാജന്‍

(www.kasargodvartha.com) ഉണ്ടായിരുന്നു, പാലക്കുന്നിലും ഒരു ഫൈന്‍ ആര്‍ട്സ് സൊസൈറ്റി. 1993ലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ. പരേതനായ കരുവാക്കോട് രാഘവന്‍ പ്രസിഡണ്ടായും, ഈ കുറിപ്പുകാരന്‍ സെക്രട്ടറിയും, പള്ളം നാരായണന്‍ ട്രഷററുമായി രൂപം കൊണ്ട സംരംഭം. കലക്കു വേണ്ടി ജീവിതം ഉഴിഞ്ഞിട്ട ടി വി ചന്ദ്രനാണ് ഉദ്ഘാടകന്‍. അദ്ദേഹത്തിനു എന്നേ ലഭിക്കേണ്ടിയിരുന്ന അംഗീകാരമായിരുന്നു ഇത്. സിനിമയുടെ ചക്രവാളം കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ അംഗീകാരം അടുത്തെത്തിച്ചേരാന്‍ നേരം വൈകിയെന്നു മാത്രം.
       
T V Chandran | കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സിനിമാക്കാരനെ തേടി ഡാനിയേല്‍ പുരസ്‌കാരം

നിരങ്ങിയും നീണ്ടും നടന്നു മടുത്ത പ്രഭാതം ടി വി ചന്ദ്രനു വേണ്ടി ഇതാ ഉദിച്ചുയര്‍ന്നിരിക്കുന്നു. അംഗീകാരം കലാകാരന്റെ ഭക്ഷണമാണ്. ലഭിച്ച അംഗീകാരത്തിനു ആശംസ അറിയിക്കണം, ദീര്‍ഘനാളായി, പരിചയം പുതുക്കണം. ഫോണില്‍ ബന്ധപ്പെട്ടു. പരിചയം പുതുക്കിയപ്പോള്‍ ലഭിച്ച അംഗീകാരത്തിന് അദ്ദേഹം വളരെ മൃദുവായാണ് സന്തോഷം രേഖപ്പെടുത്തിയത്.

ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍'എന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പാരമ്പര്യം,
കബനീ നദിയെ ചുവപ്പിച്ച അടിയന്തിരാവസ്ഥക്കാലം. പൊന്തന്‍ മാടയിലെ മാടയും, സൂസന്നയിലെ വാണി വിശ്വനാഥിനേയും നമുക്ക് മറക്കാനാവില്ലല്ലോ. ഇങ്ങനെ പലവിധ അംഗീകാരം വാരിക്കൂട്ടിയിട്ടുണ്ട് വിവിധ ചിത്രങ്ങളിലൂടെ.

പാലക്കുന്ന് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക്ക് രൂപം കൊടുത്ത പ്രമുഖരില്‍ ഇന്നു സിപിഐഎം ഉദുമാ ഏരിയാ സെക്രട്ടറി കൂടിയായ മധു മുദിയക്കാല്‍, ശേഖരന്‍ തച്ചങ്ങാട്, മരിച്ചു പോയ ഗോവിന്ദ മാരാര്‍ തുടങ്ങിയ നിരവധി കലാപ്രേമികളുടെ ശ്രമമുണ്ട്. സാവര്‍ണ്യത്തിനും നാട്ടുദുരാചാരങ്ങള്‍ക്കതിരെയും, മനുഷ്യനെ മാത്രമല്ല, മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന ഇടങ്ങളില്‍ പോലും ജാതി മതവല്‍ക്കരിക്കുന്നതിന് എതിരെയുള്ള ആശയ വിശദീകരണവും, സാംസ്‌കാരിക പ്രക്ഷോഭത്തിനുള്ള ആശയപരമായ അടിത്തറ പാകലുമായിരുന്നു ലക്ഷ്യം.

അതുല്‍ഘാടനം ചെയ്യുന്നത് ടി വി. ചന്ദ്രന്‍ തന്നെയായിരിക്കണമെന്ന് അംഗങ്ങള്‍ ശഠിച്ചു. അദ്ദേഹം ജ്വലിച്ചു നില്‍ക്കുന്ന കാലം. തന്റെ ലക്ഷ്യം സിനിമയിലുടെ പ്രേക്ഷകരില്‍ എത്തിക്കുന്ന, വിപ്ലവ ചിന്തയാല്‍ കബനീ നദി ചുവപ്പിച്ചതു പോലെ പുരോഗമന സാംസ്‌കാരിക ആശയം സിനിമയിലൂടെ പ്രയോഗിച്ച ചലചിത്രകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമ വേറിട്ടു നില്‍ക്കുന്നതും ഇതു കൊണ്ടാണ്. 1994ലെ മികച്ച ചിത്രവും, മികച്ച നടിയായി വാണിവിശ്വനാഥ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ടി വി ചന്ദ്രന്‍ വാരിക്കൂട്ടി.
          
T V Chandran | കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സിനിമാക്കാരനെ തേടി ഡാനിയേല്‍ പുരസ്‌കാരം

ടി വി ചന്ദ്രന്‍ തന്നെ വേണം ഉല്‍ഘാടനത്തിനെന്ന് കമ്മറ്റി ഉറപ്പിച്ചു. ചന്ദ്രനെ കണ്ട് സമ്മതിപ്പിക്കണം. ചുമതല സെക്രട്ടറിയും, ട്രഷററും ഏറ്റെടുത്തു. തലശേരിക്കടുത്താണ് വീട്. ട്രഷറര്‍ക്കു സ്വന്തം കാറുണ്ട്. ഞങ്ങള്‍ തലശേരി ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിചോദിച്ചു ചോദിച്ചു പോയി. നേരം പതിനൊന്നോടെ വീട്ടിലെത്തിച്ചേര്‍ന്നു. ഒറ്റ വെള്ളമുണ്ടുടുത്ത് ആകെ നനഞ്ഞ് ഒരു കുടം നിറയെ വെള്ളവുമായി വീട്ടു മുറ്റത്ത് ടി വി ചന്ദ്രന്‍ നില്‍ക്കുന്നു.
ഓടുമേഞ്ഞതാണെന്നു തോന്നുന്നു, സാമാന്യം ചെറിയ വീട്. അകത്ത് ഏതാനും സത്രീകള്‍. പരിഷ്‌ക്കാരം നിര്‍മ്മിച്ചെടുത്ത ഇരുമ്പു കസേരയില്‍ മുറ്റത്തു കുറച്ചു പേരിരിക്കുന്നു. ചെറുപ്പക്കാര്‍ കോലായുടെ ഓരം ചേര്‍ന്നു നില്‍ക്കുന്നു.

മാതാവ് മരിച്ച് ഏഴാം ദിവസത്തെ ചടങ്ങു നടക്കുകയാണവിടെ. ചടങ്ങുകള്‍ അവസാനിച്ചു. ഞാനും, പള്ളം നാരായണനും ടി വി ചന്ദ്രനോടൊപ്പമിരുന്ന് പന്തിയുണ്ടു. നേരം ഉച്ചയായി, ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. നനഞ്ഞ തുണി മാറ്റി അദ്ദേഹം മുറ്റത്തേക്ക് വന്നു. ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിക്കു വേണ്ടി ക്ഷണിക്കാനെത്തിയതാണ് അല്ലെ? ചെന്നെയിലായിരുന്നു. അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് എത്തിയതാണ്. അതാണ് ഇങ്ങോട്ടു പോന്നോളു, ഇവിടുന്നു സംസാരിക്കാമെന്ന് അറിയിച്ചത്'. പിന്നെ നീണ്ട സംസാരം, വൈകുന്നേരം നാലു മണിക്കാണ് ഞങ്ങളെ വിട്ടത്. ഉല്‍ഘാടനത്തിനെത്തുമോ എന്നു ശങ്കിച്ചിരുന്നു. എന്നാലും കൃത്യത പാലിച്ചു. പരിപാടി നടക്കുന്ന ദിവസം ഉച്ചയോടെ പാലക്കുന്നിലെത്തി.

ബേക്കല്‍ കോട്ട കാണണം

നിറയെ പുല്‍മേടുകള്‍. കൊത്തളങ്ങള്‍ നീണ്ടു നിവര്‍ന്നു മുളിപ്പാട്ടു പാടി രസിക്കുന്ന മുളി വളര്‍ന്നു നില്‍ക്കുന്നു. പുല്‍മേടുകള്‍ കോട്ട കൈവശപ്പെടുത്തിയിരിക്കുന്നു. കോട്ടയുടെ കൊടുമുടി കയറിയപ്പോള്‍ ആവേശം തിരതല്ലി. കുടിക്കാനേതെങ്കിലും വേണം. പാനീയം എതായാലും മതി. ശഠിച്ചു. ബേക്കല്‍ കോട്ടയിലിരുന്നു തനിക്കിഷ്ടപ്പെട്ട പാനീയം നുകരണം. അതൊരാവേശമായി. സാധനമെത്തിച്ചു.

കോട്ടകൊത്തളത്തിനകത്ത് നീണ്ടു നിവര്‍ന്നു തലയുയര്‍ത്തി പാറിപ്പറന്നു നില്‍ക്കുന്ന പുല്‍ മേട്ടില്‍ മുങ്ങിത്താഴുകയായിരുന്നു പിന്നീടദ്ദേഹം. ബേക്കല്‍ കോട്ടയുടെ ഇളം കാറ്റ് അത്രയ്ക്ക് ആകര്‍ഷിച്ചിരുന്നു. രാത്രി എട്ടു മണിയോടെ ഉല്‍ഘാടന സമ്മേളനം. തുടര്‍ന്ന് നാടകം. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി. ഉല്‍ഘാടന പ്രസംഗം ആരംഭിച്ചു. സര്‍ഗ്ഗാത്മകതയുടെ ബഹിര്‍സ്ഫുരണങ്ങളാണ് കല. വ്യക്തിയുടെ വിചാരങ്ങള്‍, വികാരങ്ങള്‍ ആശയങ്ങള്‍ ഉയര്‍ന്ന നിലവാരത്തോടെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുമ്പോഴാണ് കല ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. സമൂഹത്തിലെ അപരിഷ്‌കൃതയെ പ്രതിരോധിക്കേണ്ടതും പ്രതികരിക്കേണ്ടതും കലയുടെ വാതില്‍ തുറന്നു വെച്ചാണ്. സിനിമക്കു പുറമെ പല രംഗങ്ങളിലൂടേയും ആ ചുമതല നിര്‍വ്വഹിക്കപ്പെടുന്നു. അതില്‍ ഒന്നാണ് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി.

1960കളില്‍, സത്യജിത് റേ, മൃണാള്‍ സെന്‍, ഋത്വിക് ഘട്ടക് എന്നിവര്‍ ഉയര്‍ത്തി കൊണ്ടു വന്ന സിനിമാ സംസ്‌കാരം ഇവിടെ കേരളത്തിലേക്ക് വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിത്തില്‍ ലയിച്ചു ചേര്‍ന്ന ആളായിരുന്നു, ഇന്ന് ഡാനിയേല്‍ അവാര്‍ഡിനര്‍ഹത നേടിയ ടി വി ചന്ദ്രന്‍. ചരിത്രം ഒരിക്കലും അടങ്ങിയിരിക്കാറില്ല, ചരിത്രം തിരമാലപോലെ അല തല്ലിയപ്പോള്‍ സാംസ്‌കാരിക രംഗത്തെ വന്‍മരങ്ങള്‍ പോലും കടപുഴകിയിട്ടുണ്ട്. അവിടങ്ങളിലൊക്കെ ജാതി മത രാഷ്ട്രീയത്തിന്റെ പതാക ഉയര്‍ന്നിട്ടുണ്ട്. മറ്റു പലതുമെന്ന പോലെ പാലക്കുന്ന് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയും ഇന്ന് ചരിത്രത്തിന്റെ ശവമ്പറമ്പില്‍ ദഹിച്ചില്ലാതായിരിക്കുകയാണ്.

ദീര്‍ഘ നേരത്തെ ഇടവേളയിലെങ്കിലും അദ്ദേഹത്തിനു ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ചപ്പോള്‍ അതു പങ്കിടുകയും എന്നാല്‍ തികച്ചും നിര്‍വികാരാധീനനായിരുന്നു അദ്ദേഹം. മമ്മൂട്ടിയെ മാടയാക്കി മാറ്റിയ മേക്കപ്പു മാന്ത്രികന്‍ പട്ടണം റഷീദ് ടി വി ചന്ദ്രനു ലഭിച്ച അംഗീകാരത്തില്‍ സന്തോഷം അറിയിച്ചു.

Keywords: T V Chandran, J C Daniel award, Malayalam cinema, Palakkunnu, Fine Arts, J C Daniel award for T V Chandran.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia