നെല്ലിക്കുന്ന്: (www.kasargodvartha.com) വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് പുത്തൻ വീടിന് തീപ്പിടിച്ചു. നെല്ലിക്കുന്ന് സ്‌കൂളിന് സമീപത്തെ ശിഹാബ് എന്നയാളുടെ കോൺക്രീറ്റ് വീടിനാണ് തീപ്പിടിച്ചത്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്.
കുതിച്ചെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് 20 മിനിറ്റോളം സമയമെടുത്താണ് തീയണച്ചത്. ശിഹാബും കുടുംബവും വീട് പൂട്ടി സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൊല്ലങ്കാന ട്രീബോൺ റീസോർടിൽ പോയതായിരുന്നു. ഇതിനിടെയാണ് ഉച്ചയ്ക്ക് 1.30 മണിയോടെ അപ്രതീക്ഷിതമായി വീടിന് തീപ്പിടിച്ചത്.
താഴത്തെ നിലയിലെ കിടപ്പുമുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. കനത്ത പുക കാരണം എവിടെ നിന്നാണ് തീ പടർന്നതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നാണ് ഫയർഫോഴ്‌സ് വെള്ളം ചീറ്റി തീയണച്ചത്. പുത്തൻ വീടിന്റെ ഇന്റീരിയർ, ഇലക്ട്രോണിക് സാധങ്ങൾ ഉൾപെടെ നശിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഷോർട് സർക്യൂടാണ് തീപ്പിടത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ശിഹാബിന്റെ അയൽവാസി കൂടിയായ കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസ് വിവരം അറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറും പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിനകത്ത് ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.