മംഗളൂറു: (www.kasargodvartha.com) ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കല്‍ കോളജ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ വച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ സഹപാഠിയുടെ സ്വകാര്യത പകര്‍ത്തിയെന്ന കേസ് അന്വേഷണത്തിന്റെ പ്രഥമ ഘട്ടം പൂര്‍ത്തിയാക്കി. സിഐഡി സംഘം ബുധനാഴ്ച (16.08.2023) ബംഗളൂറിലേക്ക് മടങ്ങി. കുറ്റാരോപിതരായ മൂന്ന് വിദ്യാര്‍ഥിനികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം ഹൈദരാബാദ് ഫോറന്‍സിക് സയന്‍സ് ലബോറടറിയില്‍ നിന്ന് ലഭ്യമായാല്‍ അന്വേഷണ റിപോര്‍ട് സമര്‍പിക്കും.
സംഭവത്തില്‍ കുറ്റാരോപിതരായ മൂന്ന് വിദ്യാര്‍ഥിനികള്‍, ഇരയായ വിദ്യാര്‍ഥിനി, കോളജ് അധികൃതര്‍, മറ്റു ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ സിഐഡി ഡിവൈഎസ്പി അഞ്ജുമാല നായക് പറഞ്ഞു. സിഐഡി വിഭാഗം എഡിജിപി മനിഷ് കര്‍ബികര്‍, സിഐഡി വിഭാഗം എസ്പി രാഘവേന്ദ്ര ഹെഗ്‌ഡെ എന്നിവരുടെ മേല്‍നോട്ടം ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം 18നാണ് പാരാമെഡികല്‍ കോളജില്‍ വിവാദ സംഭവം നടന്നത്. ഇരയായ വിദ്യാര്‍ഥിനി ഉഡുപ്പി ജില്ല കോടതിയില്‍ ഹാജരായി രഹസ്യ മൊഴി നല്‍കിയിരുന്നു. ഉഡുപ്പി പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണമാണ് സിഐഡിക്ക് കൈമാറിയത്. കുറ്റാരോപിതരായ മൂന്ന് വിദ്യാര്‍ഥിനികളെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
മൂന്ന് മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിന്ദു വിദ്യാര്‍ഥിനിയുടെ നഗ്നത ഒളിക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന ആരോപണവുമായി ബിജെപിയും ഘടകങ്ങളും പ്രക്ഷോഭത്തിലാണ്. ഒളിക്യാമറ വച്ചിട്ടില്ല എന്ന് കോളജ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുകയും ഉഡുപ്പി ജില്ല ഡെപ്യൂടി കമീഷനര്‍, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായി ചര്‍ച നടത്തുകയും ചെയ്ത ശേഷം ദേശീയ വനിത കമീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ പറഞ്ഞിരുന്നു.
Keywords: Mangalore, News, National, Top-Headlines, Udupi, CID, First Phase, Investigation, Restroom Video Case.