എറണാകുളം: (www.kasargodvartha.com) പിറവം അരീക്കലില്‍ വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മൂവാറ്റുപുഴ സ്റ്റേഷനിലെ ഓഫിസര്‍മാരാണ്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അവധി ദിനമായതിനാല്‍ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് നിന്നിരുന്ന യുവതികള്‍ ഉള്‍പെടുന്ന സംഘത്തോട് മഫ്തിയിലായിരുന്ന ഇരുവരും കയര്‍ക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് ഒരാള്‍ അപമര്യാദയായി പെരുമാറിയതെന്നുമാണ് വിവരം.
ഇതിനിടെ യുവതികള്‍ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് ഇവരെ വളഞ്ഞുവച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ഇരുവരെയും ചോദ്യം ചെയ്യുന്നതായി രാമമംഗലം പൊലീസ് അറിയിച്ചു.