മംഗളൂറു: (www.kasargodvartha.com) മതം ചോദിച്ച് ഡോക്ടര്‍മാര്‍ക്ക് നേരേ സദാചാര ഗുണ്ടായിസമെന്ന് പരാതിയില്‍ അഞ്ച് ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ്. സന്തോഷ് നന്ദലികെ(32), കാര്‍ത്തിക് പൂജാരി (30), സുനില്‍ മല്ല്യ മിയാര്‍ (35), സന്ദീപ് പൂജാരി മിയാര്‍ (33), സുജിത് സഫലിഗ തെല്ലരു (31) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ അക്രമികളെ താക്കീത് ചെയ്തു വിട്ട പൊലീസ് ചൊവ്വാഴ്ച തീരദേശ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സിദ്ധാരാമയ്യ സദാചാര ഗുണ്ടകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത്: ശൃംഗേരിയില്‍ പോയി കുന്തല്‍പാടി വഴി മംഗളൂറിലേക്ക് മടങ്ങുകയായിരുന്ന ഒരേ മെഡികല്‍ കോളജിലെ നാല് ഡോക്ടര്‍മാരും രണ്ടു വനിത പ്രൊഫസര്‍മാരും സഞ്ചരിച്ച കാര്‍ കുദ്രെമുഖ് വനം അതിര്‍ത്തി മുതല്‍ അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു. കാര്‍ക്കള കുന്തല്‍പാടിയില്‍ എത്തിയപ്പോള്‍ കാര്‍ തടഞ്ഞ് മതം ചോദിച്ച് തെറിവിളിക്കാനും കൈയേന്തി യാത്രക്കാരികളെ ഉപദ്രവിക്കാനും തുടങ്ങി. തുടര്‍ന്ന് അവര്‍ ഫോണില്‍ വിളിച്ച് പൊലീസ് സഹായം തേടി. കാര്‍ക്കള ഡിവൈഎസ്പി അരവിന്ദ് കള്ളഗുജ്ജെ,സര്‍ക്ള്‍ ഇന്‍സ്‌പെക്ടര്‍ കെ നാഗരാജ്, എസ്‌ഐ സന്ദീപ് ഷെട്ടി എന്നിവര്‍ സ്ഥലത്തെത്തി.
അതേസമയം മലയാളി മെഡികല്‍ വിദ്യാര്‍ഥികള്‍, പൊലീസ് ഓഫീസര്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് നേരെ മതം ചോദിച്ചുള്ള സദാചാര ഗുണ്ടായിസം നടന്നുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ചയാണ് ആഴ്ചക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ ഈ അക്രമം. കഴിഞ്ഞ ദിവസം മംഗളൂറിലെ വെബ് പത്രം റിപോര്‍ടര്‍ അഭിജിത്ത് സദാചാര ഗുണ്ട അക്രമത്തിന് ഇരയായിയെന്ന പരാതിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ സി ചേതന്‍(37), കെ നവീന്‍(43)) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാള്‍ ഡിവൈഎസ്പി ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കുമാര്‍ ഹനുമന്തപ്പ മുസ്ലിം ആണെന്ന് കരുതി ഭാര്യയുമായി നടന്നു പോയ അദ്ദേഹത്തെ അക്രമിച്ചുവെന്ന സംഭവത്തില്‍ എം മനീഷ് പൂജാരി(29), കെ എം മഞ്ചുനാഥ് ആചാര്യ(32) എന്നിവര്‍ അറസ്റ്റിലായിരുന്നു.
Keywords: Mangalore, News, National, Complaint, Top-Headlines, Attack, Doctors, Arrest, Arrested, Crime, Complaint that attack against doctors; 5 Arrested.