മംഗളൂറു: (www.kasargodvartha.com) റേഷന്‍ കടകളിലൂടെ പൊതുവിതരണത്തിനായി ബണ്ട്വാള്‍ ബി സി റോഡിലെ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരിയില്‍ 3,892 കിന്റല്‍ കാണാനില്ലെന്ന് പരാതി. നഷ്ടമായ അരിക്ക് 1,32,36,030 രൂപ വിലവരും. ഭക്ഷ്യ-പൊതുവിതരണ മാനജര്‍ ശരത് കുമാര്‍ ഹോണ്ട വെള്ളിയാഴ്ച വൈകുന്നേരം നല്‍കിയ പരാതിയില്‍ കേസെടുത്ത ബണ്ട്വാള്‍ ടൗണ്‍ പൊലീസ് ഗോഡൗണ്‍ സൂപ്പര്‍വൈസര്‍ കെ.വിജയിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു.
ബി സി റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ വെള്ളിയാഴ്ച നടത്തിയ സന്ദര്‍ശനത്തില്‍ അരിച്ചാക്കുകളുടെ ശേഖരത്തില്‍ വന്‍ കുറവ് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് മാനജര്‍ പരാതി നല്‍കിയത്. നല്ല അരി അടിച്ചുമാറ്റി പകരം ഗുണനിലവാരം കുറഞ്ഞത് എത്തിക്കുന്ന ഏര്‍പ്പാടുള്ളതായാണ് സൂചന. പകരം ലോഡുകള്‍ എത്തും മുമ്പാണ് സന്ദര്‍ശനം നടന്നത്.
ദക്ഷിണ കന്നട ജില്ല ഡെപ്യൂടി കമീഷനര്‍ മുള്ളൈ മുഗിളന്‍, ജില്ല പൊലീസ് സൂപ്രണ്ട് സി ബി ഋഷ്യന്ത് എന്നിവര്‍ ഗോഡൗണ്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഡി സി ഫുഡ് കോര്‍പറേഷന്‍ കര്‍ണാടക അധികൃതരുമായി പ്രശ്‌നം ചര്‍ച ചെയ്തു. കെഎസ്എഫ്‌സി സംസ്ഥാന അധികൃതരോട് സ്ഥലം സന്ദര്‍ശിച്ച് വിശദ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഡി സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും.
Keywords: Mangalore, News, National, Top-Headlines, Bantwal, Rice, Missing, Government Godown.