തൃക്കണ്ണാട് കടപ്പുറത്തെ കടല്‍ക്ഷോഭത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മീന്‍ തൊഴിലാളികള്‍ കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ തോണി റോഡിന് കുറുകെയിട്ട് പ്രതിഷേധിച്ചതോടെ ഉച്ചയോടെ കലക്ടറും പൊലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമെത്തി തൊഴിലാളികളുമായി ചര്‍ച നടത്തി.
ഉദുമ പഞ്ചായത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ട് ദിവസത്തിനകം കല്ലിട്ട് സുരക്ഷയൊരുക്കുമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. സമാധാനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച കലക്ടര്‍ ബാക്കി കാര്യങ്ങള്‍ സര്‍കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും വ്യക്തമാക്കി. പ്രകൃതിക്ഷോഭം ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സര്‍കാരും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു.
റോഡ് ഉപരോധം പോലുള്ള പ്രതിഷേധങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കണ്ണാട് തീരത്ത് സ്ഥിതിചെയ്യുന്ന അപകടഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സംരക്ഷണത്തിനായി താത്കാലികമായി കല്ല് നിരത്തി ഭിത്തിയൊരുക്കാനും യോഗത്തില്‍ തീരുമാനമായി. ഈ പ്രവൃത്തി രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ ഇറിഗേഷന്‍ എക്‌സിക്യൂടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ഈ പ്രദേശത്ത് ഹാര്‍ബര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സര്‍കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ മാസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു.
സബ് കലക്ടര്‍ സൂഫിയാന്‍ അഹ്മദ്, തഹസില്‍ദാര്‍ എം മണിരാജ്, ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി, ഹസാര്‍ഡ് അനിലിസ്റ്റ് പ്രേം ജി പ്രകാശ്,ഇറിഗേഷന്‍ എക്‌സിക്യൂടീവ് എന്‍ജിനീയര്‍ രമേശന്‍, ബേക്കല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍, പഞ്ചായത് സെക്രടറി ദേവദാസ്, പഞ്ചായത് അംഗങ്ങള്‍, മീന്‍ തൊഴിലാളി പ്രതിനിധീകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സമരം നടത്തിയ മീന്‍ തൊഴിലാളികളെയും കലക്ടറും പൊലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.