Join Whatsapp Group. Join now!
Aster MIMS 25/06/2023

Viral Post | 'തോറ്റുപോയി, എല്ലാ അർഥത്തിലും' എന്ന് ചുവരിൽ എഴുതിവെച്ച് സർകാർ ഡോക്ടർ തൂങ്ങിമരിച്ചതിന് പിന്നാലെ കൗൺസിലിംഗ് സെന്ററിന്റെ കുറിപ്പ് വൈറലായി

സ്വയം കരുത്തരാകാമെന്ന് പോസ്റ്റിൽ Viral Post, Social Media, Counseling Center, കാസറഗോഡ് വാർത്തകൾ
പയ്യന്നൂർ: (www.kasargodvartha.com) 'തോറ്റുപോയി, എല്ലാ അർഥത്തിലും' എന്ന് ചുവരിൽ എഴുതിവെച്ച് സർകാർ ഡോക്ടർ തൂങ്ങിമരിച്ചതിന് പിന്നാലെ കൗൺസിൽ സെന്ററിന്റെ കുറിപ്പ് വൈറലായി. സോഷ്യൽ മീഡിയയിലാണ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർക്ക് സമാശ്വാസം നൽകുന്ന കുറിപ്പ് എൻജിഒ സംഘടനയായ മൈത്രി പുറത്തുവിട്ടത്. രോഗത്തിനും മറ്റുള്ളവർക്കും മുമ്പിൽ തോറ്റുപോയി എന്ന ചിന്തയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

News, Kasaragod, Payyannur, Kerala, Viral Post, Social Media, Counseling Center, Post about killing self goes viral.

ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് പലരും ആത്മഹത്യയെ തിരഞ്ഞെടുക്കുന്നത്. ഒരാളുടെ ആത്മഹത്യ അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഉണ്ടാക്കുന്ന മനോവിഷമവും ഈ വഴി തിരഞ്ഞെടുക്കുന്ന പലരും ചിന്തിക്കുന്നില്ല. എത്രയോ കാലം കൊണ്ട് കഠിനമായി പഠിച്ച് മെഡികൽ ഓഫീസർ വരെയെത്തിയ ഒരു ഡോക്ടർ താൻ എല്ലാ അർഥത്തിലും തോറ്റുപോയി എന്നുപറയുമ്പോൾ ഇത് സമൂഹത്തിനുണ്ടാക്കുന്ന ചോദ്യ ചിഹ്നം വളരെ പ്രസക്തമാണ്.

ഇത്തരം ചിന്തകളെ തരണം ചെയ്യുന്നതിനും വെല്ലുവിളി ഏറ്റെടുക്കുന്നതിനും സ്വയം കരുത്തരാകുന്നതിനെ കുറിച്ചാണ് കൗൺസിലിംഗ് സെന്ററിന്റെ കുറിപ്പിൽ പറയുന്നത്. ഈ കുറിപ്പ് വായിച്ച പലരും മറ്റുള്ളവർക്ക് ഷെയർ ചെയ്തുകൊടുക്കുന്നത് തന്നെ സമൂഹത്തിൽ പോസിറ്റീവ് ചിന്തയ്ക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ഈ വാർത്ത വായിക്കുന്നവരും ഇത്തരം ചിന്തകൾ ഉണ്ടാകാതിരിക്കാൻ മറ്റുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കാൻ കാസർകോട് വാർത്ത ടീം അഭ്യർഥിക്കുന്നു.

കൗൺസലിംഗ് സെന്ററിന്റെ കുറിപ്പ്:

'തോറ്റുപോയി, എല്ലാ അർത്ഥത്തിലും' എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു. വല്ലാതെ സങ്കടം തോന്നുന്നു. എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു പറയേണ്ടി വരുന്നത് തോറ്റുപോയി എന്നാണ്!

ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!

ഡോക്ടർ മാത്രമല്ല... അഭിഭാഷകർ, ബാങ്ക് ഉദ്യോഗസ്ഥർ... അധ്യാപകർ... ഗവ. ഉദ്യോഗസ്ഥർ... സാധാരണക്കാർ... തൊഴിലാളികൾ... യുവതീ യുവാക്കൾ... പെരുക്കപ്പട്ടിക ഭീതി ജനകമാണ്.

തോറ്റുപോയെന്ന് സങ്കടപ്പെട്ട് ഉപേക്ഷിച്ചു പോകുന്നവർ.

Life coping skills എന്നൊരു കല മാത്രം നാമെവിടെയും അഭ്യസിക്കുന്നില്ല എന്ന വലിയൊരു കുറവുണ്ട് നമ്മുടെ വിദ്യാഭ്യാസത്തിലും ജീവിതത്തിലും.

അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. മറ്റാരും സ്നേഹിച്ചില്ലെങ്കിലും പ്രോൽസാഹിപ്പിച്ചില്ലെങ്കിലും സ്വയം സ്നേഹിച്ചും സ്വന്തം തോളിൽ തട്ടി പ്രോൽസാഹിപ്പിച്ചും, കൊച്ചു കൊച്ചു നേട്ടങ്ങളിൽ സ്വയം അനുമോദിച്ചും സ്വയം മുന്നോട്ടു പോകാനുള്ള ഊർജം ഉള്ളിലുണ്ടാകുക ആവശ്യമാണ്.

സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക എന്നതാണ് മറ്റൊന്ന്. അവർ മുഖം തിരിച്ചാൽ, അവർ അവഗണിച്ചാൽ, ഒറ്റയ്ക്കായിപ്പോയാൽ ഉടൻ തകർന്നു വീണു പോകുന്നവരാകാതിരിക്കുക എന്നതും വളരെ പ്രധാനമാണ്. ആരുമില്ലെങ്കിലും ഞാൻ മുന്നോട്ടു തന്നെ പോകും എന്ന ദൃഢനിശ്ചയത്തിന്റെ പേരാണ് ജീവിതം.

പണിയെടുത്ത് മേലധികാരികളെ പ്രീതിപ്പെടുത്താനോ, പണവും സമ്മാനങ്ങളും കൊണ്ട് കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താനോ കഴിയില്ല എന്നു തിരിച്ചറിയുക. മറ്റുള്ളവരുടെ കയ്യടികൾക്കും നല്ല വാക്കുകൾക്കും വേണ്ടി ജീവിക്കുന്നത് വഴി നിരാശ മാത്രമാകും ഫലം. Use and throw ആണ് പല ജോലിയിടങ്ങളുടെയും പല ബന്ധങ്ങളുടെയും അടിസ്ഥാന നയം എന്നു തിരിച്ചറിയുന്നത് നല്ലതാണ്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയപ്പെട്ടു എന്നു വിലപിക്കേണ്ടതില്ല. റോൾ തീർന്നാൽ നിശബ്ദമായി പിൻമാറി നിൽക്കാനും പഠിക്കേണ്ടതല്ലേ.?

അജാതശത്രു എന്നൊരു പ്രയോഗമുണ്ട്. ശത്രുവായി ഇനിയും ആരും ജനിച്ചിട്ടു പോലുമില്ലാത്തയാൾ എന്നാണർത്ഥം. അങ്ങനെയൊരാൾ ഈ ഭൂമിയിലില്ല. എല്ലാവർക്കുമുണ്ടാകും ശത്രുക്കൾ. ശത്രുക്കളുണ്ടാവാൻ മോശം കാര്യങ്ങൾ ചെയ്യണമെന്നില്ല. നന്നായി ജീവിച്ചാലും മതി. നന്നായി പണിയെടുത്ത്, നല്ല പേരുണ്ടാക്കി, ഉള്ളതു കൊണ്ട് സ്വസ്ഥമായി ജീവിക്കുന്നതു കണ്ടാൽ സഹിക്കാനാകാത്തവരുണ്ട് എന്ന് തിരിച്ചറിയുന്നതു നല്ലതാണ്. അത് സ്വന്തം കുടുംബത്തിൽ പോലും ഉണ്ടാകാം. അതിന്റെയൊന്നും പേരിൽ ഉള്ളു നൊന്തിരിക്കേണ്ടതില്ല. അതും പ്രതീക്ഷിക്കണം ജീവിതത്തിൽ.

A shoulder to lean on, മുഖം ചായ്ക്കാനൊരു ചുമൽ, ജീവിതത്തിലുണ്ടെങ്കിൽ നല്ലതാണ്. മന:സംഘർഷങ്ങൾ പറയാനും, ലജ്ജ തോന്നാതെ കരയാനും, തുറന്നു സംസാരിക്കാനും ഭാരങ്ങളിറക്കി വയ്ക്കാനും കഴിയുന്നൊരു ചുമൽ. ഒരു പാട് നാൾ കൊണ്ടേ അങ്ങിനൊരാളെ കണ്ടാത്താനാകൂ. ചിലപ്പോൾ കണ്ടെത്തിയില്ല എന്നും വരാം. അങ്ങനെയെങ്കിൽ ഒറ്റയ്ക്കു നടക്കാനുള്ള ധൈര്യം ആർജിച്ചെടുക്കേണ്ടി വരും.

Positive self talk എന്നൊക്കെ എല്ലാവരും പറയും. സ്വയം സംസാരിക്കൽ. സ്വയം പ്രചോദിപ്പിക്കൽ. അതിന് കഴിഞ്ഞില്ലെങ്കിലും negative self talk ശീലിക്കാതിരിക്കുക. "എന്നെയാർക്കും വേണ്ട" "എന്റെ ജീവിതം തീർന്നു" തുടങ്ങിയ emotional പ്രയോഗങ്ങളെല്ലാം negative self talk ആണ്. ലഹരി ഉപയോഗിക്കുക കൂടി ചെയ്യുന്നവരിൽ ഇത് കൂടുകയും ചെയ്യും. ജീവിച്ചു മുന്നേറാനും യുക്തിയോടെ ചിന്തിക്കാനുമുള്ള ആത്മധൈര്യമാണ് ഇതിലൂടെ ചോർന്നു പോകുന്നത്.

പെട്ടെന്ന് ഒരു പഴയ സുഹൃത്ത് പ്രത്യക്ഷപ്പെട്ട് പണക്കിഴി നൽകി സഹായിക്കുന്നതു പോലുള്ള അൽഭുതങ്ങൾ പ്രതീക്ഷിക്കാൻ ജീവിതം അമർചിത്രകഥയല്ല. ജീവിതത്തിന് അതിന്റേതായ struggling period ഉണ്ട്. അതു കടന്നു പോകുവോളം സമചിത്തമാകുവാൻ പഠിക്കേണ്ടതുണ്ട്. കൈയൊന്നു മുറിഞ്ഞാൽ, അത് കരിയാൻ ഒരു time span ഉണ്ട്. അതു വരെ കാത്തിരിക്കണം. അക്ഷമ കൊണ്ട് മുറിവു കരിയില്ല. ജീവിതത്തിലെ തോൽവികൾ... തിരിച്ചടികൾ... തിരസ്കരണങ്ങൾ... അവമതിപ്പുകൾ... അവയൊക്കെ കലങ്ങിത്തെളിയാൻ ഒരു സമയമുണ്ട്. അവ സമ്മാനിക്കുന്ന മുറിവുകൾ കരിയാൻ സമയമെടുക്കും. അതിലൂടെ കടന്നു പോകാൻ സ്വയം അനുവദിക്കുക.

News, Kasaragod, Payyannur, Kerala, Viral Post, Social Media, Counseling Center, Post about killing self goes viral.

എപ്പോഴും മറ്റുള്ളവർക്കു വേണ്ടി അധ്വാനിച്ച് ഉരുകിത്തീരുന്ന ത്യാഗദീപമാകാതെ, പിന്നീട് അതിനെക്കുറിച്ച് പരിതപിച്ച് ഉരുകിത്തീരാതെ, അവനവന് സന്തോഷം നൽകുന്ന പോസിറ്റീവായ കാര്യങ്ങൾ ചെയ്യാനും ദിവസവും കുറച്ചു സമയം സ്വന്തമായി മാറ്റി വയ്ക്കുക കൂടി വേണം. പാട്ട് കേൾക്കാനോ... വായിക്കാനോ... ചെടി നടാനോ... നടക്കാൻ പോകാനോ... നിങ്ങളുടെ സന്തോഷം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. മറ്റാരും സന്തോഷമുണ്ടാക്കി നിങ്ങൾക്കു വിളമ്പിത്തരും എന്നു പ്രതീക്ഷിക്കരുത്.

ഒരു ജോലി കിട്ടാൻ സഹായിച്ചേക്കുമെന്നല്ലാതെ മാർക്കുലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ജീവിതത്തിൽ വിലപ്പെട്ടതാകുന്നില്ല. നേട്ടങ്ങൾക്കും റാങ്കിനും വേണ്ടിയും ഒന്നാം സ്ഥാനങ്ങൾക്കു വേണ്ടിയും മാത്രം മക്കളെ വളർത്തുന്നവർ മേൽ സൂചിപ്പിച്ച life coping skills അവർ എവിടെ നിന്നാണു പഠിക്കുക എന്നതു കൂടി ചിന്തിക്കണം. അവരെന്നാണ് തോൽക്കാനും, തോൽവിയെ സ്വീകരിക്കാനും അതിജീവിക്കാനും കൂടി പഠിക്കുക.!

നിങ്ങൾക്ക് ആത്മഹത്യ ചിന്ത ഉണ്ടെങ്കിൽ,നിങ്ങൾക്ക് തുറന്നു പറയാൻ ആരുമില്ലെങ്കിൽ മൈത്രിയിൽ വിളിക്കു. സ്വകാര്യതയോടെ കുറ്റപ്പെടുത്താതെ നിങ്ങളെ കേൾക്കും.സേവനം സൗജന്യം ആണ്. 0484 2540530,

1056 (ദിശ).

Keywords: News, Kasaragod, Payyannur, Kerala, Viral Post, Social Media, Counseling Center, Post about killing self goes viral.
< !- START disable copy paste -->

Post a Comment