തൃശൂര്‍: (www.kasargodvartha.com) ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്‌യുവി. ഓടോമാറ്റിക് കാറായ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്‌സ്‌യുവി 700 എഎക്‌സ്7 ആണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സമര്‍പിച്ചത്.
വെള്ള നിറത്തിലുള്ള ഓടോമാറ്റിക് പെട്രോള്‍ എഡിഷന്‍ എക്‌സ്യുവിയാണിത്. രണ്ടായിരം സിസിയുള്ള വാഹനത്തിന് ഓണ്‍ റോഡ് വില 28.85 ലക്ഷം രൂപയാകും. 2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ക്ഷേത്രത്തിലേക്ക് സമര്‍പിച്ചിരുന്നു.
ശനിയാഴ്ച ഉച്ചപൂജയ്ക്കുശേഷം നടതുറന്ന നേരമായിരുന്നു വാഹനസമര്‍പണ ചടങ്ങ് നടന്നത്. മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ഓടോമോറ്റീവ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍ വേലുസ്വാമിയാണ് കിഴക്കേ നടയില്‍വെച്ച് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.
ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡപ്യൂടി അഡ്മിനിസ്‌ട്രേറ്റര്‍ പി മനോജ് കുമാര്‍, ഡപ്യൂടി അഡ്മിനിസ്‌ട്രേറ്റര്‍ (എസ് ആന്റ് പി) എം രാധ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂടി ജെനറല്‍ മാനേജറും എക്‌സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണല്‍ സെയില്‍സ് മാനേജര്‍ ദീപക് കുമാര്‍, ക്ഷേത്രം അസി.മാനേജര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Top-Headlines, Guruvayoor, Temple, Car, Mahindra Xuv, Offer, Guruvayoor Temple got Mahindra Xuv as Offering.