വെള്ളരിക്കുണ്ട്: (www.kasargodvartha.com) പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്റെ ഒരു ഏകർ നെൽപാടത്ത് ഞാറ് നടാൻ വൈസ് പ്രസിഡന്റ് അടക്കമുള്ള സഹമെമ്പർമാരും കുടുംബശ്രീ അംഗങ്ങളും വയലിൽ ഇറങ്ങി. ഒപ്പം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബ്ലോക് പഞ്ചായത് അംഗങ്ങളുമുണ്ടായിരുന്നു. ബളാൽ പഞ്ചായതിലെ കുഴിങ്ങാട് അബ്ദുൽ ഖാദറിന്റെ പാടമാണ് കേരളം മാതൃകയാക്കേണ്ട കൃഷിയിറക്കലിന് വേദിയായത്.
ബളാൽ പഞ്ചായത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർമാനാണ് ടി അബ്ദുൽ ഖാദർ. നാട്ടിപ്പാട്ടിന്റെ ഈണത്തിൽ സഹ മെമ്പർമാരും പരപ്പ ബ്ലോക് പഞ്ചായത് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും മഴയിലും ചെളിയിലും ചവിട്ടി ഞാറ് നടീൽ നാടിന്റ തന്നെ കാർഷിക ഉത്സവമാക്കി മാറ്റി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച വിരിപ്പ് കൃഷിക്കായുള്ള ഞാറ് നടീൽ കാർഷിക കേരളത്തിന് ബളാൽ പഞ്ചായതും കൃഷിഭവനും സമ്മാനിച്ചത് അഭിമാനനേട്ടമാണ്.
നെൽകൃഷി അന്യം നിന്നുപോകുന്ന മലയോരത്ത് കുടുംബപരമായുള്ള നെൽവയലിൽ വർഷങ്ങളായി അബ്‌ദുൽ ഖാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജനപ്രതിനിധിയായി ഇരിക്കുമ്പോഴും അതിന് ഇക്കുറിയും കുറവ് വരുത്തിയില്ല. പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൽ ഖാദർ അടുത്ത കാലത്താണ് യന്ത്രം ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്. എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെയാണ്.
ഉമ, ശ്രേയസ്, രക്ത ശാലി, നെൽവിത്തുക്കൾ ഉപയോഗിച്ചാണ് ഇക്കുറി അബ്ദുൽ ഖാദർ കൃഷിയിറക്കിയിരിക്കുന്നത്. ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി. ഒരു കാലത്ത് ഹെക്റ്റർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായതിൽ വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ ഖാദർ. സഹായത്തിന് മകൻ ഹൈദറും കൂടെയുണ്ട്.
ഞാറ് നട്ടുകൊണ്ട് വൈസ് പ്രസിഡന്റ് എം രാധാമണി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ, ബ്ലോക് പഞ്ചായത് അംഗങ്ങളായ ഷോബി ജോസഫ്, സി രേഖ, പഞ്ചായത് അംഗങ്ങളായ പി പത്മാവതി, സന്ധ്യ ശിവൻ, എം അജിത, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, ജോസഫ് വർക്കി, ബളാൽ കൃഷി ഓഫീസർ അഞ്ജു എം, കൃഷി അസിസ്റ്റന്റ് ഓഫീസർ കെ ശശീന്ദ്രൻ, അസിസ്റ്റന്റുമാരായ ബൈജു എം വി, ശ്രീഹരി വി, കുടുംബശ്രീ ചെയർപേഴ്സൺ മേരി ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
Keywords: News, Vellarikkundu, Kasaragod, Kerala, Agriculture, Paddy Cultivation, Paddy cultivation begins in Abdul Khader's field.
< !- START disable copy paste -->