കണ്ണൂര്‍: (www.kasargodvartha.com) തോട്ടടയില്‍ മിനി കണ്ടയ്‌നർ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പടന്നക്കാട് മയ്യത് റോഡിലെ ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകന്‍ അഹ്‌മദ് സാബിഖ് (27) ആണ് മരിച്ചത്.
സാബിഖിനെ ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്തേക്ക് കല്ലട ടൂറിസ്റ്റ് ബസില്‍ തിങ്കളാഴ്ച (10.07.2023) രാത്രിയോടെ കാഞ്ഞങ്ങാട്ട് നിന്നുമാണ് ഇയാള്‍ കയറിയത്. ചൊവ്വാഴ്ച (11.07.2023) പുലര്‍ചെ 12.45 നാണ് കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വിദേശത്തായിരുന്ന സാബിഖ് മൂന്ന് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. സഹോദരങ്ങള്‍: ഫാത്വിമ, ഹാജറ.
കണ്ണൂര്‍ - തലശ്ശേരി ദേശീയ പാതയിലെ തോട്ടട ടൗണിലാണ് അപകടമുണ്ടായത്. തല വേർപെട്ട നിലയിലായിരുന്നു സാബിഖിന്റെ മൃതദേഹം. 24 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ സ്ത്രീ ഉള്‍പെടെയുള്ള രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവര്‍ ചാലയിലെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും വയറിലാണ് പരുക്കേറ്റത്. മംഗ്‌ളൂറില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. കണ്ടയ്‌നർ ലോറി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണംവിട്ട ബസിന്റെ പുറകുവശം കണ്ടയ്‌നർ ലോറിയുടെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ലോറി തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ബസിന്റെ ഇടിയേറ്റ ഭാഗത്താണ് അഹ് മദ് സാബിഖ് ഇരുന്നത്. മൂന്നുതവണ ബസ് റോഡില്‍ തലകീഴായി മറിഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അഹ് മദ് സാബിഖ് കല്ലട ട്രാവല്‍സില്‍ കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം അവിടെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയത്.
ലോറി ആന്ധ്രാപ്രദേശ് രെജിസ്ട്രേഷനുള്ളതാണ്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെ വീണ് ഏറെനേരം തടസ്സപ്പെട്ടിരുന്ന വാഹനഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. പൊലീസും അഗ്നിരക്ഷാസേനയുമെത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റി പുലര്‍ചെ രണ്ടരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഇടിച്ച് കയറി സമീപത്തെ കടയും തകര്‍ന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. ബസിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാരന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Accident-News, Accident, Death, Kannur, Padannakkad Native, Thottada Accident, Youth, Padannakkad native died in Thottada private tourist bus and lorry accident.