കട്ടിലയും വാതിലും ഭാഗികമായി കത്തിനശിച്ചു. ഇതുകൂടാതെ കുഴൽ കിണറിന്റെ വയറുകളും വീടിന്റെ പിൻവശത്തെ ശുചി മുറിയിലെ ക്ലോസറ്റുകളും തകർത്തു. രാവിലെ 7.30 മണിയോടെ, ടൈൽസ് പാകിയതിന് വെള്ളമൊഴിക്കാൻ എത്തിയപ്പോഴാണ് സുജിത്ത് വീടിന് തീവച്ചതായി കണ്ടത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സുജിത്ത് പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ഗൃഹപ്രവേശനം നടത്താനിരിക്കെയാണ് സംഭവമെന്നും യുവാവ് കൂട്ടിച്ചേർത്തു.
അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണോ സാമൂഹ്യ വിരുദ്ധരാണോ എന്ന് വ്യക്തമല്ല. സുജിത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് അര കിലോ മീറ്റർ അകലെ തച്ചങ്ങാട് ടൗണിൽ തന്നെയാണ് പുതിയ വീട് പണിതത്. സമീപത്തെ സിസിടിവി പരിശോധിച്ചതിൽ പുലർചെ ഒരു മണിക്ക് ശേഷം രണ്ട് ബൈകുകളും നാല് മണിക്ക് ഒരു കാറും സംശയകരമായ സാഹചര്യത്തിൽ കടന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തിരിച്ചറിയാനായാൽ തീവയ്‌പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. തനിക്ക് പറയത്തക്ക രീതിയിലുള്ള ശത്രുക്കൾ ആരും ഇല്ലെന്നും സുജിത്ത് വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ബേക്കൽ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.