Join Whatsapp Group. Join now!
Aster MIMS 25/06/2023

M B Rajesh | മുഖം മാറി കാസര്‍കോട് ബ്ലോക് പഞ്ചായത്; പുതിയ കെട്ടിടം നാടിന് സമര്‍പിച്ചു; തിരുവനന്തപുരത്തെ ഓഫീസില്‍ തിരിച്ചെത്തിയ ഉടന്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി എം ബി രാജേഷിന്റെ ഉറപ്പ്

'മാലിന്യ നിര്‍മാര്‍ജന രംഗത്ത് നല്ല മാറ്റം' M B Rajesh, Minister, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തെ ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്നും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുഗമമാക്കാന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
       
M B Rajesh, Minister, Malayalam News, Kerala News, Kasaragod News, Kasaragod Block Panchayat, New building of Kasaragod Block Panchayat inaugurated.

മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കാസര്‍കോട് നല്ല മാറ്റം കാണാനുണ്ടെന്നും കഴിഞ്ഞ പ്രാവശ്യം കണ്ട കാഴ്ചളില്‍ നിന്ന് നല്ല രീതിയിലുള്ള മാറ്റമാണുണ്ടായതെന്നും വൃത്തിയിലും ശുചിത്വത്തിലും മാതൃകയാകാന്‍ കാസര്‍കോടിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയെയും പരിപാടിയില്‍ ഹരിത ചട്ടം പാലിച്ച ബ്ലോക്ക് പഞ്ചായത്ത് അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്ത് മുഴുവനായുമുള്ള തെരുവ് നായ ശല്യത്തിന് പരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പൊതുജനങ്ങളുടെ ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ഇനി പുതിയ മുഖം

1962 ല്‍ രൂപീകൃതമായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1975 ലാണ് സ്വന്തമായി കെട്ടിടമുണ്ടാകുന്നത്. കെട്ടിടത്തിന്റെ അസൗക്യരവും കാലപ്പഴക്കവും കണക്കിലെടുത്ത് കഴിഞ്ഞ ഭരണസമിതി ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിനെ പുതിയൊരു കെട്ടിടത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും സര്‍ക്കാര്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിക്കുകയും ചെയ്തു. 2019 ല്‍ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 2020 ല്‍ നിലവില്‍ വന്ന പുതിയ ഭരണസമിതി നിര്‍മ്മാണം തുടര്‍ന്നുവെങ്കിലും അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തിക്ക് തടസ്സം നേരിടുകയും കെട്ടിടം പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടേണ്ടി വരികയും ചെയ്തു. 2,93, 15,523 രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

1962 ല്‍ രൂപീകൃതമായ 411 കി.മി വിസ്തൃതിയുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിന് മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, മുളിയാര്‍, കാറഡുക്ക ദേലംപാടി, ബേഡഡുക്ക, ചെമ്മനാട്, കുറ്റിക്കേല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലായി 1991 ലെ സെന്‍സസ് പ്രകാരം 2,28,208 ജനസംഖ്യ ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥല സൗകര്യ കുറവ് കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1975 ല്‍ ആണ്. 2010ല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനത്തെ തുടര്‍ന്ന് ബദിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധുര്‍, മൊഗ്രാല്‍പുത്തൂര്‍ എന്നീ 6 ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി 258,728 ജനസംഖ്യയോട് കൂടിയ പുതിയ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് രൂപം നല്‍കുകയും ചെയ്തു.

കെട്ടിടത്തിന്റെ പരിമിതമായ സ്ഥിതി കണക്കിലെടുത്ത് 2015-20 ഭരണ സമിതി പ്രസ്തുത സ്ഥലത്ത് പുതിയ ഒരു ഓഫീസ് കൂടി ആവശ്യമാണെന്ന് വിലയിരുത്തുകയും അതിനായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും സര്‍ക്കാര്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ 88 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിടത്തിന് 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. 2019ല്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. കെട്ടിട നിര്‍മ്മാണത്തിന് ഗവണ്‍മെന്റ് അനുവദിച്ച 2 കോടി രൂപയ്ക്ക് പുറമേ നിലവിലുള്ള ഭരണ സമിതി ഓഫീസ് കെട്ടിടത്തിന്റെ സീലിംഗ് പ്രവൃത്തികള്‍ ഫര്‍ണിച്ചര്‍ എന്നിവയ്ക്കായി 13,15,523 രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.

നിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കിംഗ്, ഫ്രണ്ട് ഓഫീസ് സംവിധാനവും ഒന്നാം നിലയില്‍ ഭരണ സമിതി അംഗങ്ങള്‍ക്കായും, രണ്ടാം നിലയില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായും, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, എം.ജി.എന്‍ആര്‍ഇ.ജി.എസ് പ്രവര്‍ത്തനങ്ങള്‍ക്കായും സൗകര്യം ഒരുക്കിയിരിക്കുന്നു.
           
M B Rajesh, Minister, Malayalam News, Kerala News, Kasaragod News, Kasaragod Block Panchayat, New building of Kasaragod Block Panchayat inaugurated.

ധന്യമായി ചടങ്ങ്

ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ഈ മനോഹരമായ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കുന്നതിന് മുതല്‍ക്കൂട്ടാണെന്ന് എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തിന് എന്തുകൊണ്ടും അനിവാര്യമായ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞതെന്നും സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശ സ്ഥാപനങ്ങളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കപ്പെടുമ്പോള്‍ നാടിന് നേട്ടമാണെന്ന് എം.പി പറഞ്ഞു.

കരാറുകാരന്‍ എം.എ.അബൂബക്കര്‍ മാസ്തിക്കുണ്ടിന് മന്ത്രി ഉപഹാരം നല്‍കി. എ.കെ.എം.അഷറഫ് എം.എല്‍.എ പി.എം.എ.വൈ വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. അഡ്വ.സി.എച്ച് കുഞ്ഞമ്പുഎം.എല്‍.എ മുച്ചക്രവാഹനങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജീവനക്കാരെ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഖാദര്‍ ബദരിയ, കെ.ഗോപാലകൃഷ്ണ, ടി.കെ.ഷമീറ, ബി.ശാന്ത, യു.പി.താഹിറ യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സമീമ അന്‍സാരി, അഷറഫ് കര്‍ള, സക്കീന അബ്ദുള്ള ഹാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ കബീർ, ജമീല അഹമ്മദ് ദണ്ഡഗോളി, കാസര്‍കോട് പ്രൊജക്ട് ഡയറക്ടര്‍ ഡി.വി.അബ്ദുല്‍ ജലീല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുകുമാര കുദ്രെപ്പാടി, ജെയിംസ്, എന്‍.എബദറുല്‍ മുനീര്‍, ഫനീഫ പാറ ചെങ്കള, കലാഭവന്‍ രാജു, ജമീല അഹമ്മദ്, കെ.എം.അശ്വിനി, പ്രേമ ഷെട്ടി, സീനത്ത്് നസീര്‍, ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.വി.സുനിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.വി.അനില്‍കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.എ.ജലീല്‍, കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കെ.ജി.പവിത്ര, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി.വി.രമേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കല്ലട്ര മാഹിന്‍ഹാജി, സുരേഷ് കുമാര്‍ ഷെട്ടി, എ.അബ്ദുല്‍ റഹിമാന്‍, ആര്‍.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.എ.അഷ്റഫ് അലി നന്ദിയും പറഞ്ഞു.

Keywords: M B Rajesh, Minister, Malayalam News, Kerala News, Kasaragod News, Kasaragod Block Panchayat, New building of Kasaragod Block Panchayat inaugurated.
< !- START disable copy paste -->

Post a Comment