Join Whatsapp Group. Join now!
Aster MIMS 25/06/2023

Inauguration | പഴയങ്ങാടി പുതിയ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

ഒറ്റപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍കാര്‍ ഇടപെടുന്നുണ്ട് Minister Muhammad Riaz, Inauguration, Pazhayangadi

കണ്ണൂര്‍: (www.kasargodvartha.com) പഴയങ്ങാടി പുതിയ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പരിപാലന കാലാവധി കഴിയുന്ന റോഡുകളുടെ പരിപാലനത്തിന് മുന്‍കൂര്‍ കരാര്‍ നല്‍കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം രാജ്യത്ത് ആദ്യമായി കേരളത്തില്‍ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ കിഫ്ബി ഫന്‍ഡില്‍ ഉള്‍പ്പെടുത്തി 18.51 കോടി രൂപക്ക് നിര്‍മിക്കുന്ന പഴയങ്ങാടി പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

റോഡുകളുടെ പരിപാലന കാലാവധി കഴിയുന്ന മുതല്‍ ഒരു വര്‍ഷത്തേക്ക് അതിന്റെ പരിപാലന കാലാവധി നിശ്ചയിച്ച കരാറുകാരന്റെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും വിവരം നീല ബോര്‍ഡുകളില്‍ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിലെ മുപ്പതിനായിരം കിലോമീറ്റര്‍ വരുന്ന പിഡബ്ല്യുഡി റോഡുകളില്‍ 20,046 കിലോമീറ്ററിലും റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനത്തിന്റെനീല ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. അതാണ് മഴ പെയ്തിട്ടും കേരളത്തിലെ റോഡുകളില്‍ വ്യാപകമായ പരാതികള്‍ ഇല്ലാത്തത്. 

Kannur, News, Kerala, Minister Muhammad Riaz, Minister Muhammad Riaz inaugurated the construction of the new bridge at Pazhayangadi.

ഒറ്റപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍കാര്‍ ഇടപെടുന്നുണ്ട്. പൊതുമരാമത്ത് റോഡുകളില്‍ കുണ്ടംകുഴിയും വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശരിയായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ്. പക്ഷേ പ്രതികൂല കാലാവസ്ഥ മാത്രമല്ല, കേരളത്തിലെ റോഡുകള്‍ പെട്ടെന്ന് തകരാനുള്ള കാരണം. അതൊരു ചെറിയ കാരണം മാത്രമാണ്. മറ്റു പ്രധാനപ്പെട്ട കാരണങ്ങള്‍ തെറ്റായ ചില പ്രവണതകള്‍ റോഡ് നിര്‍മ്മാണ രംഗത്ത് വരുന്നു എന്നുള്ളതാണ്. കരാറുകാരില്‍ ഭൂരിപക്ഷവും നന്നായി ജോലിചെയ്യുന്നവരാണ്. ഉദ്യോഗസ്ഥരില്‍ മഹാഭൂരിപക്ഷവും നല്ല നിലയില്‍ ജോലി ചെയ്യുന്നവരാണ്. 

എന്നാല്‍ ഒരു ന്യൂനപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് റോഡ് നിര്‍മ്മാണത്തില്‍ ചെലവഴിക്കേണ്ട പണം മുഴുവന്‍ റോഡില്‍ ചെലവഴിക്കാന്‍ തയ്യാറാകാത്ത പ്രവണതകള്‍ പൊതുവേ കടന്നു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡുകള്‍ തകരാറാവുന്നുണ്ട്. ഇത് പരിശോധിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവന്നു. റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി പച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു. കരാറുകാരന്റെ പേര് ഫോണ്‍ നമ്പര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ടോള്‍ഫ്രീ നമ്പര്‍ എന്നിവയുള്ള സ്ഥാപിച്ചതോടെ സുതാര്യത ഉറപ്പുവരുത്താനായി.

സമയപരിധിയായ രണ്ടുവര്‍ഷംകൊണ്ട്, 2025 അവസാനത്തോടെ പഴയങ്ങാടി പുതിയ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നത് മന്ത്രി ഓഫീസില്‍ നിന്ന് നേരിട്ട് മോണിറ്റര്‍ ചെയ്യും. എല്ലാമാസവും പാലങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഒരു സംവിധാനം നമ്മുടെ സംസ്ഥാനത്തുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. രണ്ടേകാല്‍ വര്‍ഷം കൊണ്ട് 65 പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. 

നൂറു പാലങ്ങള്‍ എന്ന ലക്ഷ്യം 2024 അവസാനിക്കുമ്പോള്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പാലങ്ങള്‍ സൗന്ദര്യവല്‍ക്കരിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിയും. പൊതുമരാമത്ത് ടൂറിസം വകുപ്പുകള്‍ക്ക് വേണ്ടിയുള്ള ഡിസൈന്‍ നയത്തിന്റെ കരട് തയ്യാറാക്കി സര്‍കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. പാലങ്ങള്‍ ദീപാലംകൃതം ആക്കാനും പാലങ്ങളുടെ അടിയിലുള്ള ഭാഗത്ത് വയോജന കേന്ദ്രങ്ങള്‍, കുട്ടികളുടെ പാര്‍ക്കുകള്‍ നിര്‍മിക്കാനും തയ്യാറാക്കി വരികയാണ്. 2025 ഓടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ ദീപാലംകൃതമാക്കും.


പഴയങ്ങാടി അണ്ടര്‍ പാസിന് കഴിഞ്ഞ ബജറ്റില്‍ ആറ് കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് റെയില്‍വേ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് നീക്കി കൊണ്ടിരിക്കുകയാണെന്നുംമന്ത്രി പറഞ്ഞു. എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എംഎല്‍എ ടിവി രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി.  

കല്യാശ്ശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി പി ശാജിര്‍, ഏഴോം ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ഗോവിന്ദന്‍, ചെറുകുന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി നിഷ, ജില്ലാ പഞ്ചായത് അംഗങ്ങളായ എസ് കെ ആബിദ ടീച്ചര്‍, സിപി ഷിജു, ബ്ലോക് പഞ്ചായത് അംഗം കെ പത്മിനി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവന്‍, മാടായി ഗ്രാമപഞ്ചായത്ത് അംഗം എം പി കുഞ്ഞിക്കാതിരി, ഏഴോം ഗ്രാമപഞ്ചായത് അംഗം എം ജസീര്‍ അഹ് മദ്, കെ ആര്‍ എഫ് ബി നോര്‍ത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ എസ് ദീപു, എക്സിക്യൂടീവ് എന്‍ജിനീയര്‍ ഷിജു കൃഷ്ണരാജ്, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, Minister Muhammad Riaz, Minister Muhammad Riaz inaugurated the construction of the new bridge at Pazhayangadi.

Post a Comment