മംഗളൂറു: (www.kasargodvartha.com) മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വിതരണത്തിന് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് പേരെ മംഗളൂറു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിയാസ് (28), കെ നിശാദ്(31), മുഹമ്മദ് റാസിന്‍ (24) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഒമ്പത് ലക്ഷം രൂപ വില കണക്കാക്കുന്ന 180 ഗ്രാം എംഡിഎംഎ, രണ്ട് കാറുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 22,050 രൂപ, പിസ്റ്റള്‍, ഉപയോഗിക്കാത്ത വെടിയുണ്ടകള്‍, കത്തി, രണ്ട് ഡിജിറ്റല്‍ അളവ് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നിയാസ് ഉര്‍വ്വ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, കൊണാജെ പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ എന്നിവരെ അക്രമിച്ചത് ഉള്‍പ്പെടെ വധശ്രമം, കവര്‍ച എന്നിങ്ങനെ ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ 10 കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടുണ്ട്. മുഹമ്മദ് റാസിനെതിരെ മംഗളൂരു കങ്കനാടി പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അസി. കമീഷനര്‍ പി എ ഹെഗ്‌ഡെ, ഇന്‍സ്‌പെക്ടര്‍ ശ്യാം സുന്ദര്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര, കോണ്‍സ്റ്റബിള്‍മാരായ സുദീപ്, ശരണപ്പ, നരേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Keywords: Mangaluru, News, National, Police, Arrest, Arrested, Seized, Drug, Mangaluru police arrest three drug peddlers, seize drug worth Rs 9 lakh.