കാസര്‍കോട്: (www.kasargodvartha.com) സര്‍വീസിനായിവെച്ചശേഷം എടുത്ത ഇലക്ട്രിക് ഓടോ റിക്ഷയ്ക്ക് തനിയെ വേഗത കൂടി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. ചൗക്കി സി പി സി ആര്‍ ഐ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
വിദ്യാര്‍ഥികളായ തളങ്കര തെരുവത്തെ അബ്ദുള്‍ റഹ്മാന്റെ മകന്‍ അയാന്‍ (10), ശഹ സാദ്(11), മുഹമ്മദ് ലുഫ്ത്തി (10), മുഹമ്മദ് റെയ്ഹാന്‍ (11), തെരുവത്തെ സാജി (ഒമ്പത്), തളങ്കരയിലെ ഫാത്വിമ സദ (10), പട്ടേല്‍ റോഡിലെ എസ്‌റ(12), ഇഫ്‌ല ഫാത്വിമ (10), ആഇശ നൂറിന്‍ (എട്ട്) തുടങ്ങിയ കുട്ടികള്‍ക്കും ഓടോ റിക്ഷാ ഡ്രൈവര്‍ തളങ്കരയിലെ അബ്ദുള്‍ ഹമീദിനുമാണ്(62) പരുക്കേറ്റത്.
ഇവരെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സാരമായി പരുക്കേറ്റ അയാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച (27.07.2023) രാവിലെ 8.45 മണിയോടെയാണ് അപകടം. തളങ്കരയില്‍ നിന്നും സി പി സി ആര്‍ ഐ കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുട്ടികളെയും കയറ്റി പോകുന്നതിനിടെ കറന്തക്കാട് ദേശീയപാതയിലെത്തും മുമ്പ് ഗാസ് (Gas) ഏജന്‍സിക്ക് മുന്നില്‍വെച്ചാണ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത്.
ഇലക്ട്രിക് ഓടോ റിക്ഷ മൂന്ന് ദിവസം കാഞ്ഞങ്ങാട്ടെ ഷോറൂമില്‍ സര്‍വീസിംഗിന് വെച്ചിരുന്നതായും അറ്റകുറ്റപ്പണി കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് കുട്ടികളെ കയറ്റാനായി ആദ്യമായി എടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു.
വാഹനം ഓടോമാറ്റികായി വേഗത കൂടുന്നതായി അനുഭവപ്പെട്ടതായും ഇതിനിടെ കറന്തക്കാട് വളവില്‍ എത്തിയപ്പോള്‍ വേഗത കൂടി മറിയുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. സാധാരണഗതിയില്‍ വളരെ പതുക്കെ ഓടോ റിക്ഷ ഓടിച്ച് പോകുന്നയാളാണ് ഡ്രൈവറെന്ന് രക്ഷിതാക്കളും പരുക്കേറ്റ കുട്ടികളും പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.