ജൂലൈ ആറിന് നടത്താനിരുന്ന സര്‍വകലാശാല, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല കണ്ണൂരില്‍ രണ്ടു ദിവസമായി തുടരുന്ന പേമാരി കനത്തനാശമാണ് വിതയ്ക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കനത്ത നാശനഷ്ടമാണ് മഴയും ചുഴലിക്കാറ്റും വരുത്തിവെച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. തണല്‍മരങ്ങള്‍ കടപുഴകി വീണ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ മുതല്‍ കോരിച്ചൊരിഞ്ഞ് പെയ്ത മഴയില്‍ സംസ്ഥാനത്താദ്യമായി ഇക്കുറി കാലവര്‍ഷത്തില്‍ ഒരാള്‍ കണ്ണൂരില്‍ വെളളക്കെട്ടില്‍ വീണു മരിച്ചു. കണ്ണൂര്‍ സിറ്റി നാലുവയലിലാണ് മരണം. നാലുവയലിലെ താഴത്ത് ഹൗസില്‍ ബശീറാണ് (50) ബുധനാഴ്ച ഉച്ചയോടെ മരിച്ചത്.
വീടിനു മുന്‍പിലെ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കണ്ണൂര്‍ പ്ലാസയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളില്‍ മരം കടപുഴകി വീണു യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ രണ്ടുകാറുകള്‍ക്കും ഒരു ഓടോറിക്ഷയ്ക്കും മുകളിലാണ് തണല്‍ മരം കടപുഴകി വീണത്. ഇരിക്കൂര്‍ സ്വദേശിനി വത്സല, ജിത്തു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്സെത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.
തകര്‍ത്തു പെയ്യുന്ന കനത്ത മഴയില്‍ കണ്ണൂരിലെ മിക്കസ്ഥലങ്ങളിലും വെളളം കയറിയിട്ടുണ്ട്. കക്കാട് റോഡില്‍ പുഴകയറി വാഹനഗതാഗതം തടസപ്പെട്ടു. പഴയ ബസ് സ്റ്റാന്‍ഡിലെ റെയില്‍വെ അടിപ്പാതയില്‍ അരയോളമാണ് വെളളം കയറിയത്. ഇതിനാല്‍ ഇതിലൂടെ ചെറുവാഹനങ്ങള്‍ ഓടിയില്ല. കണ്ണൂര്‍ സിറ്റി, കോട്ടമ്മാര്‍ മസ്ജിദ് റോഡ്, താവക്കര അടിപ്പാത, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലും വെളളം കയറിയിട്ടുണ്ട്. കടലോര പ്രദേശങ്ങളായ സിറ്റി, ആയിക്കര, തയ്യില്‍, മരക്കാര്‍ക്കണ്ടി എന്നിവടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആവശ്യമെങ്കില്‍ ദുരിതാശ്വാസ കാംപ് തുറക്കാനുളള തീരുമാനത്തിലാണ് ജില്ലാഭരണകൂടം. കാലവസ്ഥാദുരന്തത്തെ നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി സജ്ജമായിട്ടുണ്ട്. കലക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ സെല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കനത്ത മഴയില്‍ വന്‍കൃഷിനാശവുമുണ്ടായിട്ടുണ്ട്. പഴയങ്ങാടി ഏഴോം മേഖലയില്‍ ഏകര്‍ കണക്കിന് നെല്‍കൃഷി വെളളം കയറി നശിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ വാഴ, തെങ്ങ് തുടങ്ങിയ വിളകള്‍ ചുഴലിക്കാറ്റില്‍ നശിച്ചിട്ടുണ്ട്.
Keywords: Kannur News, Malayalam News, Kerala News, Weather, Heavy Rain in Kannur, Rain in Kerala, Holiday in Kannur, Heavy rain in Kannur.
< !- START disable copy paste -->