Join Whatsapp Group. Join now!
Aster MIMS 25/06/2023

Oommen Chandy | വിട വാങ്ങിയത് രാഷ്ട്രീയ അതികായകന്‍; ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു; ഈ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

'തുടര്‍ചയായി 53 കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതി' Oommen Chandy, Former Kerala CM, CM, Pinarayi Vijayan, Condo

തിരുവനന്തപുരം: (www.kasargodvartha.com) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് (18.07.2023) പൊതു അവധിയാണ്.    

ബെംഗ്‌ളൂറില്‍ ചികിത്സയിലിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.  

സംസ്ഥാന സര്‍കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാർ അടങ്ങിയ  സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗ്ളൂറിലെ  ആശുപത്രിയിലേക്ക് ഉടന്‍ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം ബെംഗ്‌ളൂറിലുണ്ട്. 

രാഷ്ട്രീയ വളര്‍ച്ചയുടെ ഉന്നതിയിലെത്തുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും ഹൃദയബന്ധം സൂക്ഷിച്ച വ്യത്യസ്ത നേതാവാണ് വിട വാങ്ങിയിരിക്കുന്നത്. ആള്‍കൂട്ടത്തെ ആഘോഷമാക്കിയൊരു ആയുസിന്റെ പേരിനെ ഉമ്മന്‍ചാണ്ടിയെന്ന് വിളിക്കുമ്പോള്‍, തുടര്‍ചയായി 53 കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയും അദ്ദേഹത്തിന്റേത് മാത്രമാണ്. അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും ആ പുതുമ നഷ്ടപ്പെടാത്തൊരു ഹൃദയബന്ധത്തിനുളള സമ്മാനമാണ് പുതുപ്പളളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്.

മഞ്ചേശ്വരത്തിനും പാറശാലയ്ക്കുമിടയിലെ നിരന്തര യാത്രകളിലൂടെ രാഷ്ട്രീയ കേരളത്തോളം വളര്‍ന്ന ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും. 

പുതുപ്പളളി എംഎല്‍എയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് വളര്‍ന്നപ്പോഴും തലസ്ഥാനത്തൊരു പുതുപ്പളളി ഹൗസ് തുറന്ന് ഉമ്മന്‍ചാണ്ടി ജന്‍മനാടിനെ കൂടെക്കൂട്ടി. 1970 ല്‍ തനിക്ക്  ആദ്യമായി വോട് ചെയ്ത പുതുപ്പളളിക്കാരുടെ  മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ  മക്കളിലേക്കും വേരുപടര്‍ത്തിയൊരു വ്യക്തി ബന്ധമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുളള ഉമ്മന്‍ചാണ്ടിയുടെ അടിത്തറ.

ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യത്തിന്റെ മറുപേരായിരുന്നു പുതുപ്പളളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി. അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്.  ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും. 

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം സമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ  തെളിവാണ്.

1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും - കെ കരുണാകരനും എ കെ ആന്റണിയുമടക്കം - പാര്‍ലമെന്റംഗമായും മറ്റും പോയിട്ടുണ്ട്.  ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ  ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റാര്‍ക്കും ലഭ്യമാവാത്ത ചുമതലകള്‍ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിനു കൈകാര്യം ചെയ്യാന്‍ സാധിച്ചു.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി.

കെഎസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മന്‍ചാണ്ടി സംസ്ഥാനതല കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടി വിടവാങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ സന്തപ്ത കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യു.ഡി. എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. 

News, Kerala, Kerala-News, Top-Headlines, Obituary, Oommen Chandy, Former Kerala CM,  CM, Pinarayi Vijayan, Condolence, Former Kerala CM Oommen Chandy passes away at 79.


Keywords: News, Kerala, Kerala-News, Top-Headlines, Obituary, Oommen Chandy, Former Kerala CM,  CM, Pinarayi Vijayan, Condolence, Former Kerala CM Oommen Chandy passes away at 79.

Post a Comment