വെള്ളരിക്കുണ്ട്: (www.kasargodvartha.com) 'കരുണാകരൻ നായർ കിടപ്പിൽ, ഹരീഷ് പി നായരെ ഓടിച്ചു, കെ പി കുഞ്ഞിക്കണ്ണൻ ആരാ, പിന്നെ വിൻസെന്റ്, എന്തിന് കൊള്ളാം ഇവറ്റകളെയൊക്കെ', എന്നുള്ള, ബളാലിലെ മൈനോരിറ്റി കോൺഗ്രസ് നേതാവ് ശിഹാബ് കല്ലൻചിറയുടെ വിവാദ ശബ്ദ സന്ദേശം പുറത്തായതിന് പിന്നാലെ ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റിയിൽ കലഹം തുടങ്ങി.
മൈനോരിറ്റി സംസ്ഥാന നേതാവ് അടക്കം ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റിയിൽ വിഭാഗീയത വളർത്തുന്നുവെന്ന് കാണിച്ച് മണ്ഡലം കമിറ്റി നേതാക്കൾ ജില്ലാ - സംസ്ഥാന നേതാക്കൾക്ക് പരാതി നൽകി. അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് മൈനോരിറ്റി നേതാക്കൾക്ക് എതിരെ പാർടി തല നടപടി എടുത്തില്ലെങ്കിൽ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഡിസിസി പ്രസിഡണ്ടിന് നേരെ പൊലീസ് അതിക്രമിച്ച് കാണിച്ചുവെന്ന് ആരോപിച്ച് വെള്ളരിക്കുണ്ടിൽ നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എംപി ജോസഫും, ഡിസിസി ജെനറൽ സെക്രടറി ഹരീഷ് പി നായരും പങ്കെടുത്തിരുന്നു. എന്നാൽ മൈനോരിറ്റി നേതാക്കളായ ശിഹാബ് കല്ലൻചിറയും ഡാർലിൻ ജോർജ് കടവനും മുൻ നിരയിൽ നിൽക്കുന്ന ഫോടോ എടുത്ത് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തത് ഡാർലിൻ ആണെന്ന തരത്തിൽ എല്ലാ മാധ്യമങ്ങളിലും അടുത്ത ദിവസം ഫോടോയും വാർത്തയും വന്നതായും കോൺഗ്രസിനകത്ത് ആരോപണമുണ്ട്.
ഈ വിഷയം മണ്ഡലം കമിറ്റിയിൽ ചർചയായി നിൽക്കുകയാണ്. അതിനിടെയാണ് സീനിയർ നേതാക്കളെ മറികടക്കുന്ന തരത്തിൽ മൈനോരിറ്റി നേതാക്കളുടെ പ്രവർത്തനമെന്ന് മണ്ഡലം കമിറ്റിയിലെ ഇപ്പോഴത്തെ ചർച്ച. മൈനോരിറ്റി സംസ്ഥാന നേതാവ് എന്ന നിലയിൽ ഡാർലിൻ ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റിയിൽ വിഭാഗീയവളർത്താൻ ശ്രമിക്കുന്നുവെന്നും അതിന് ശിഹാബ് കല്ലൻചിറയുമായി ചേർന്ന് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകി സംസ്ഥാന - ജില്ലാ കോൺഗ്രസ് നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നുവെന്നുമാണ് കോൺഗ്രസിനുള്ളിലെ വിമർശനം.
ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബളാൽ കോൺഗ്രസിൽ മൈനോരിറ്റി നേതാക്കൾ ഗ്രൂപ് രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നത്.
Keywords: Vellarikkundu, Congress, Balal, Minority Congress, Committee, Politics, WhatsApp, Voice Message, Balal constituency committee against minority Congress leaders.