മംഗളൂരു: (www.kasargodvartha.com) കഴിഞ്ഞ മാസം ഒന്നിന് ഉള്ളാള്‍ സോമേശ്വരം ബീചില്‍ മലയാളി മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാക്രമം നടത്തിയെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് മംഗളൂറു അഡി. ജില്ല സെഷന്‍സ് കോടതി (നാല്) ജാമ്യം അനുവദിച്ചു. ഈ വിധിക്കെതിരെ നിയമോപദേശം തേടി അപ്പീല്‍ ഹര്‍ജി നല്‍കുമെന്ന് സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ അറിയിച്ചു.
സചിന്‍ (23), സുഹന്‍(18), അഖില്‍(24), ജിതേഷ് (23), യതീഷ്(48), ഭവീഷ് വര്‍ധന്‍(25), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വധശ്രമം ഉള്‍പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവദിവസം വൈകുന്നേരം 6.45നാണ് ബീച്ചില്‍ സായാഹ്നം പങ്കിടുകയായിരുന്ന സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളേയും മൂന്ന് വിദ്യാര്‍ഥിനികളേയും അക്രമിച്ചത്. പേരുകള്‍ ചോദിച്ച് മുസ്ലിം ആണെന്ന് മനസിലാക്കിയ ശേഷമാണ് മര്‍ദിച്ചതെന്ന് പരുക്കേറ്റവര്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
അറസ്റ്റിലായവര്‍ ഉള്‍പെടെ 15 പേര്‍ വിദ്യാര്‍ഥി മുജീബ് റഹ് മാനേയും ഒപ്പമുള്ള സഹപാഠികളായ രണ്ടുപേരേയും വളഞ്ഞിട്ട് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ മൂന്ന് പേരും അക്രമം ഭയന്ന് വീട്ടിലേക്ക് പോവുകയും ചെയ്തു. സിറ്റി പൊലീസ് കമീഷനര്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ കാംപ് ചെയ്തായിരുന്നു അറസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല സെക്രടറിയും സംഘവും ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും അവരെ തിരിച്ചയക്കുകയാണ് കമീഷനര്‍ ചെയ്തത്.
കേസില്‍ അറസ്റ്റിലായവര്‍ എല്ലാം യുവാക്കള്‍ ആണെന്നും മറ്റു കുറ്റകൃത്യങ്ങളില്‍ പ്രതികളല്ലാത്ത അവരെ ജയിലില്‍ താമസിപ്പിക്കുന്നത് കുറ്റവാളികളാവാന്‍ വഴിവയ്ക്കാമെന്നും ജാമ്യം അനുവദിച്ച കോടതി നിരീക്ഷിച്ചു. അറസ്റ്റിലായവര്‍ ചെയ്ത കുറ്റത്തിനുള്ള തെളിവുകള്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയതായും കാണുന്നില്ല. ജാമ്യത്തിലെ ഉപാധി അനുസരിച്ച് പ്രതികള്‍ എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും ഇടയില്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. അടുത്ത ആറ് മാസമോ കുറ്റപത്രം കോടതിയില്‍ സമര്‍പിക്കുന്നത് വരെയോ ഇത് തുടരണം.
തീരദേശ ജില്ലകളില്‍ സദാചാര ഗുണ്ടായിസം തടയാന്‍ ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര മംഗളൂറില്‍ വിളിച്ചു ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കുകയും പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്ത് കഴിയുന്ന അവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഈ സാഹചര്യത്തില്‍ കോടതി വിധിയില്‍ പൊലീസിന് എതിര്‍പ്പുണ്ടെന്ന് പൊലീസ് കമീഷനര്‍ പറഞ്ഞു. നിയമോപദേശം തേടി അപ്പീല്‍ ഹര്‍ജി സമര്‍പിക്കും എന്ന് അറിയിച്ചു.
Keywords: Mangalore, News, National, arrest, Arrested, Bail, Court, Court Order, Police, All seven arrested in Ullal 'moral policing' incident get bail.