ബേക്കല്‍: (www.kasargodvartha.com) ഉദുമ ടൗണ്‍ ജുമാ മസ്ജിദിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് ഭണ്ഡാരം കുത്തിപ്പൊളിച്ച് പണവും സമീപത്തുണ്ടായിരുന്ന ഇമാമിന്റെ ചെരുപ്പും മോഷ്ടിച്ചെന്ന പരാതിയില്‍ പ്രതിയെ പൊലീസ് പൊക്കിയതോടെ നിരവധി കവര്‍ചാ കേസുകള്‍ക്ക് തുമ്പാകുന്നു. ബേക്കല്‍ കോട്ടക്കുന്ന് ക്ഷേത്ര കവര്‍ചയും തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കര്‍ണാടക സ്വദേശിയായ മൗലാലി ജമേദാര്‍ (38) എന്നയാളാണ് പൊലീസ് പിടിയിലായി റിമാന്‍ഡിലായത്. മസ്ജിദ് ഇമാം എറണാകുളം മുളവൂരിലെ കെ എ അനസിന്റെ പരാതിയിലാണ് ബേക്കല്‍ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.
ജൂണ്‍ 14 ന് രാത്രി 11.30 മണിയോടെയാണ് പള്ളിയില്‍ കവര്‍ച നടന്നത്. മോഷ്ടാവ് പള്ളിയുടെ മുന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭണ്ഡാരം കുത്തിതുറന്ന് പണവും ഇമാമിന്റെ ചെരുപ്പും മോഷ്ടിക്കുകയായിരുന്നു.
പ്രതിയെ കഴിഞ്ഞ ദിവസം തന്നെ ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് പൊക്കിയിരുന്നു. ചോദ്യം ചെയ്യലിലാണ് മൂന്നാഴ്ച മുമ്പ് നടന്ന ബേക്കല്‍ കോട്ടയ്ക്ക് സമീപത്തെ കോട്ടക്കുന്ന് ക്ഷേത്രത്തിലെ കവര്‍ചയും തെളിഞ്ഞതെന്നും സമീപത്തെ മറ്റേതെങ്കിലും കവര്‍ചയിലും യുവാവിന് പങ്കുണ്ടൊയെന്നും അന്വേഷിച്ച് വരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Youth, Arrested, Robbery, Mosque, Temple, Bekal, Top-Headlines, Malayalam-News, Youth arrested for robbery from Mosque.