തൃക്കരിപ്പൂര്‍: (www.kasargodvartha.com) വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിഎംപി ജലീസിനെ (27)യാണ് പിടികൂടിയത്. ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതിയില്‍ നിന്നും മാരക ലഹരിമരുന്നായ എം ഡി എം എ പിടികൂടിയെന്നും അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചന്തേര പൊലീസ് പറയുന്നത്: ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ബൈകില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന എ എസ് ഐ ലക്ഷ്മണനും സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷും സംശയാസ്പദമായി കാണപ്പെട്ട ജലീസിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ, പോകറ്റില്‍ നിന്നും പ്ലാസ്റ്റിക് കവറെടുത്ത് അതിലുണ്ടായിരുന്ന കാപ്പി നിറത്തിലുള്ള സാധനം പ്രതി വായിലേക്ക് തള്ളിയശേഷം പൊലീസ് ഉദ്യോഗസ്ഥനായ സുധീഷിനെ തള്ളി താഴെയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ എ എസ് ഐ ലക്ഷ്മണനും സുധീഷും ചേര്‍ന്ന് ജലീലിനെ ബലം പ്രയോഗിച്ച് കീഴടക്കുകയും ഉടന്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജും സംഘവും സ്ഥലത്തെത്തി. മയക്കുമരുന്ന് കേസിലെ പ്രതി കൂടിയായ ജലീസിനെ ചോദ്യം ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 60 - 4787 നമ്പര്‍ സ്‌കൂടര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഇരിപ്പിടത്തിനടിയില്‍ സൂക്ഷിച്ച എം ഡി എം എ കണ്ടെത്തിയത്.
മയക്കുമരുന്ന് വില്‍പന നടത്തിയ പ്രതിയില്‍ നിന്നും 5,000 രൂപയും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴാണ് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തൃക്കരിപ്പൂര്‍ താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അമിതമായി മയക്കുമരുന്ന് കഴിച്ച് അവശനിലയില്‍ ആയിരുന്നതിനാല്‍ ഇയാളെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂടറില്‍ മയക്കുമരുന്ന് സൂക്ഷിച്ചശേഷം ആവശ്യക്കാര്‍ക്ക് വേണ്ടുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ജലീസ് ചെയ്തിരുന്നത്. നേരത്തെയും മറ്റൊരു മയക്കുമരുന്ന് കേസില്‍ ജലീസ് പിടിയിലായിട്ടുണ്ട്. കുട്ടികള്‍ക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടയാളാണ് ജലീസെന്നാണ് സംശയം.
Keywords: News, Kerala, Kerala-News, Top-Headlines, Thrikaripur, Youth, Arrested, MDMA, Vehicle Inspection, Malayalam-News, Thrikaripur: Youth caught with MDMA during vehicle inspection.