കാസര്‍കോട്: (www.kasargodvartha.com) മഴ തുടങ്ങിയ ഉടനെ കാസർകോട്ട് നടന്ന ആദ്യ കവർചകളിലൊന്നിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബെൽതങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞുമോൻ ഹമീദ് (49) അറസ്റ്റിലായി. മംഗ്ളുറു കദ്രി ജയിലിൽ നിന്ന് പരിചയപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. ഇക്കഴിഞ്ഞ ജൂൺ 12ന് രാത്രിയാണ് കാസര്‍കോട് നഗരത്തിലെ ബിഇഎം ഹയർ സെകൻഡറി സ്‌കൂൾ, ഗവ. മുൻസിപൽ ടൗൺ യു പി സ്‌കൂൾ എന്നിവിടങ്ങളിൽ കവർച നടന്നത്.
ബിഇഎം സ്‌കൂളിൽ നിന്ന് 33,000 രൂപയാണ് നഷ്ടപ്പെട്ടത്. ഗവ. യുപി സ്‌കൂള്‍ കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ച 4000 രൂപയാണ് മോഷ്ടിച്ചത്. കവർചയ്ക്ക് ശേഷം സ്‌കൂളിൽ വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയാണ് നിർണായകമായത്. ഇവിടെ നിന്നും കുഞ്ഞുമോൻ ഹമീദിന്റെ വിരലടയാളം കിട്ടിയിരുന്നതായും ഇതാണ് പ്രതിയിലേക്ക് എത്താൻ സഹായകരമായതെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലും കർണാടകയിലുമായി 23 കേസുകളിൽ പ്രതിയായ കുഞ്ഞുമോൻ ഒരു കവർചാ കേസിൽ ഇക്കഴിഞ്ഞ മെയ് ഒമ്പതിന് പുറത്തിറങ്ങിയതായിരുന്നുവെന്നും ജയിലിൽ വെച്ച് പരിചയപ്പെട്ട മറ്റ് രണ്ട് പേർ കൂടി കാസർകോട്ടെ കവർചയിൽ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
2002ൽ കാസർകോട്ട് നടന്ന കവർചാ കേസിലും കുഞ്ഞുമോൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞുമോൻ ബെൽതങ്ങാടിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ എസ്ഐ വിഷ്ണുപ്രസാദ്, എസ്ഐ കെ വി ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഗുരുരാജ്, ലതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമോനെ കവർച നടന്ന സ്‌കൂളിൽ എത്തിച്ച് ശനിയാഴ്ച ഉച്ചയോടെ തെളിവെടുപ്പ് നടത്തി.