ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. സാധാരണ കുട്ടി ഇങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ അയൽവീടുകളിലേക്ക് പോകാറുണ്ടെന്നാണ് പറയുന്നത്. അപ്പോഴൊക്കെ തിരികെ പരിസരവാസികളും മറ്റും വീട്ടിലെത്തിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ കാണാതായതിനെ തുടർന്ന് അയൽവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പ്രദേശവാസികളും ഒപ്പം കൂടി തിരച്ചിൽ ആരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും സന്ദേശം പ്രചരിച്ചു.
അതിനിടെ നിഹാലിന്റെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് തെരുവുനായ്ക്കളുടെ നിർത്താതെയുള്ള ശബ്‌ദം കേട്ടിരുന്നതായി വിവരം ലഭിച്ചതോടെ പ്രദേശവാസികൾ അവിടെ ചെന്നപ്പോഴാണ് അതിദാരുണമായ ആ കാഴ്ച കണ്ടത്. ശരീരമാസകലം കടിച്ചുപറിച്ച നിലയിൽ, ചോരയിൽ മുങ്ങി, ചലനമറ്റ് കിടക്കുന്ന നിലയിൽ നിഹാലിനെ കണ്ടെത്തുകയായിരുന്നു. വീടിനോട് ചേർന്ന പറമ്പിൽ ചെടികൾക്കിടയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇവിടെ കളിക്കുന്നതിനിടെ തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നുവോ അല്ലെങ്കിൽ തെരുവുനായ്ക്കളെ പേടിച്ച് ഓടിക്കയറിയതോ ആകാമെന്നാണ് കരുതുന്നത്.
പൊലീസ് സ്ഥലത്തെത്തിയാണ് നിഹാലിനെ ആംബുലൻസിൽ തലശേരി ജെനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ബഹ്‌റൈനിൽ പ്രവാസിയായ പിതാവ് കെട്ടിനകത്തെ നൗശാദ് മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം തലശേരി ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. തുടർന്ന് ഖബറടക്കും. നുസീഫയാണ് മാതാവ്. സഹോദരൻ: നസൽ. ധർമടം ജേസീസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥിയാണ് നിഹാൽ നൗശാദ്. തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതികൾ പലയിടങ്ങളിൽ നിന്നും ഉയരുന്നതിനിടെയാണ് നിഹാൽ ദുരന്തത്തിന് ഇരയായിരിക്കുന്നത്.
Keywords: News, Kerala, Kannur, Obituary, Thalassery, Muzhappilangad, Stray Dogs, Social Media, Specially-abled boy dies in stray dog attack.
< !- START disable copy paste -->