കോട്ടയം: (www.kasargodvartha.com) അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലികന്‍ ചര്‍ച് ഓഫ് ഇന്‍ഡ്യ സെമിതേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത് കമ്യൂനിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിതേരിയില്‍ എത്തിക്കുക.
സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോളും സഹപ്രവര്‍ത്തകര്‍. പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കുവയ്ക്കുന്നത്. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും നടന്‍ സുരാജ് വെഞ്ഞാറന്‍മൂടും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മമ്മൂട്ടി തുടങ്ങി നിരവധിപേര്‍ സുധിക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചു. കൊല്ലം സുധിക്ക് ആദരാഞ്ജലികളെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ളവര്‍ വ്യക്തമാക്കി.
ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുന്‍ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍. സ്റ്റേജ് ഷോകളില്‍ അപാരമായ ഊര്‍ജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫല്‍വേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവര്‍ണകാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.
തിങ്കളാഴ്ച പുലര്‍ചെയാണ് കൊല്ലം സുധി തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. പറമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം തൊടുപുഴ സ്വദേശിയുടെ പികപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോകുകയായിരുന്നു. വടകരയില്‍ ട്വന്റിഫോര്‍ കനക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തില്‍പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു.
ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും ചികിത്സ മെഡികല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തില്‍പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരുക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.
Keywords: News, Kerala, Kerala-News, Kottayam, Kollam Sudhi, Actor, Funeral, Cremation, Condolence, Top-Headlines, Accident-News, Kottayam: Kollam Sudhi cremation today