Join Whatsapp Group. Join now!
Aster MIMS 25/06/2023

Startup Mission | കേരള സ്റ്റാര്‍ടപ് മിഷന്റെ ആദ്യ ലീപ് കോ-വര്‍കിംഗ് കേന്ദ്രം കാസര്‍കോട്ട് ആരംഭിച്ചു; കേരളത്തിലെ ആദ്യ ഡിജിസിഎ അംഗീകൃത ഡ്രോൺ പൈലറ്റുമാർ രംഗത്തേക്ക്

എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, Startup Mission, Kasaragod, കാസറഗോഡ് വാർത്തകൾ, Malayalam News
കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്‌പേസ് ആക്കി മാറ്റുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിഭാവനം ചെയ്ത ലീപ് (ലോഞ്ച്, എംപവര്‍, അക്‌സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസർകോട് പ്രവർത്തനം ആരംഭിച്ചു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലീപ് കോ-വര്‍ക്കിംഗ് കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പഥൂര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം- കേരള സിഎംഡി ഡോ. ഉഷാ ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.

Kerala, Startup Mission, Leap Co-working, Kasaragod, Rajmohan Unnithan, MP, Inauguration, Kerala Startup Mission's first Leap co-working center started in Kasaragod.

സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ഏല്ലാ ലീപ് കേന്ദ്രങ്ങളിലും വിവിധ സൗകര്യങ്ങളാണ് പുതിയ സംരംഭകർക്കായി സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയിരിക്കുന്നത്. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ സംരംഭകർക്ക് പങ്കിടാം. ഇതിനു പുറമെ പ്രൊഫഷണലുകള്‍ക്ക് ദിവസ, മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഇത് ഗുണകരമാകും.

ഡ്രോണ്‍ എക്‌സ്‌പോ, വര്‍ക്ക്‌ഷോപ്പുകള്‍, ചാറ്റ് ജിടിപി വര്‍ക്ക്‌ഷോപ്പ്, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കുള്ള കരിയര്‍ ക്ലിനിക്ക്, സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ തുടങ്ങിയവയും ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ലീപ് കോ-വര്‍ക്കിംഗ്


ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ ലീപ് കോ-വർക്കിങ് കേന്ദ്രങ്ങളായി മാറുന്നതോടെ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യം അവിടെയുണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനുമുള്ള വേദി കൂടിയാകും ഈ കോ-വർക്കിങ് സ്പേസുകൾ.

നൂതന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനും വേണ്ടിയാണ് വളരെ പ്രതീക്ഷയുള്ള ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ഗിരീശന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമഗ്രമായ പിന്തുണ ഇതു വഴി നല്‍കും. സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്കെത്താനുള്ള ഏകജാലകമായി ലീപ് വര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊ-വര്‍ക്കിംഗ് സ്‌പേസ് ആയി മാറുമെങ്കിലും നിലവില്‍ ഇന്‍കുബേഷന്‍ കേന്ദ്രത്തില്‍ നല്‍കി വരുന്ന എല്ലാ സേവനങ്ങളും അതേപടി തുടരുമെന്നും കെഎസ്യുഎം അറിയിച്ചിട്ടുണ്ട്. ലീപ് വരുന്നതോടെ ഇന്‍കുബേഷന്‍ സ്ഥിതിയിലുള്ള സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലുകളുമായും വിദഗ്ധരുമായും ആശയവിനിമയം നടത്താനും സാങ്കേതിക ഉപദേശം സ്വീകരിക്കാനും സാധിക്കും.

ഭാവിയില്‍ കെഎസ് യുഎം അംഗത്വമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. സ്വകാര്യ ഓഫീസ് ഇടങ്ങളും ഇതിലുള്‍പ്പെടും. കെഎസ്യുഎമ്മിന്റെ ധനസഹായ പദ്ധതികള്‍, സീഡ് വായ്പകള്‍, വിപണി പ്രവേശനം, വിദഗ്‌ധോപദേശം, നിക്ഷേപകരുമായുള്ള ബന്ധം എന്നിവയെല്ലാം ലീപ് വഴി സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആദ്യ ഡിജിസിഎ അംഗീകൃത ഡ്രോൺ പൈലറ്റുമാർ രംഗത്തേക്ക്

കാസർകോട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, കേരളത്തിലെ ആദ്യ ഡ്രോൺ പൈലറ്റുമാർ പരിശീലനം പൂർത്തിയാക്കി രംഗത്തിറങ്ങി. അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയ്നിങ് കോഴ്സ് പൂർത്തിയാക്കിയ 16 പേർക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേൽന്റെ (ഡിജിസിഎ) റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചത്. അസാപ് സ്കിൽ പാർക്കിൽ നടന്ന ചടങ്ങിൽ അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പറത്താൻ 10 വർഷത്തേക്കാണ് ഈ ഡ്രോൺ പൈലറ്റുമാർക്ക് ഡിജിസിഎ അനുമതി നൽകിയത്. ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് അസാപ് കേരള ഈ നൈപുണ്യ പരിശീലന കോഴ്സ് നൽകുന്നത്. കഴിഞ്ഞ മാസമാണ് ഈ കോഴ്സ് സംഘടിപ്പിക്കുന്നത് സ്ഥാപനത്തിന് ഡിജിസിഎ അനുമതി ലഭിച്ചത്. രണ്ടാഴ്ച നീളുന്ന കോഴ്സിൽ ഡ്രോൺ പറത്തൽ, ത്രീഡി മാപ്പിങ്, സർവെ, ഏരിയൽ സിനിമാറ്റോഗ്രഫി, ഡ്രോൺ അസംബ്ലി ആന്റ് പ്രോഗാമിങ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു.

Keywords: Kerala, Startup Mission, Leap Co-working, Kasaragod, Rajmohan Unnithan, MP, Inauguration, Kerala Startup Mission's first Leap co-working center started in Kasaragod.

Post a Comment