ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍, സി എസ് സുധ എന്നിവർ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജഡ്ജുമാർ ഇരുവരും പ്രത്യേകം ആശയവിനിമയം നടത്തി. അഫീഫ ഏതെങ്കിലും തരത്തിൽ തടങ്കലിൽ ആയിരുന്നോ എന്ന് കോടതി ആരാഞ്ഞപ്പോൾ, സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.
കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് അഫീഫയോട് ചോദിച്ചപ്പോൾ, ആധാർ കാർഡും മറ്റ് ചില രേഖകളും സുമയ്യയുടെ പക്കലുണ്ടെന്നും അവ തിരികെ നൽകാൻ നിർദേശിക്കാനും കോടതിയോട് അഭ്യർഥിച്ചു. പിന്നീട്, അഫീഫയുടെ ഏതാനും രേഖകൾ താൻ കൊണ്ടുവന്നിട്ടുണ്ടെന്നും അവ തിരികെ നൽകാൻ സന്നദ്ധമാണെന്നും സുമയ്യ കോടതിയെ അറിയിച്ചു. കോടതി വീണ്ടും അഫീഫയെ വിളിച്ച് സുമയ്യയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് അഫീഫ വ്യക്തമാക്കി. തുടർന്ന് സുമയ്യയെയും അഫീഫയെയും ജഡ്ജുമാരുടെ ചേംബറിൽ വിളിച്ചുവരുത്തി രേഖകൾ കൈമാറുകയായിരുന്നു.
നേരത്തെ ജൂണ്‍ ഒന്‍പതിന് അഫീഫയെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. പിന്നീട് അഫീഫയുടെ അഭിഭാഷകന്റെ ആവശ്യ പ്രകാരം കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ശെറിനും അഫീഫയും തമ്മിൽ പ്ലസ് ടുവിൽ പഠിക്കുമ്പോൾ മുതൽ രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു. ഈ വർഷം ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ അഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരാവുകയും പ്രായപൂർത്തി ആയെന്ന് ചൂണ്ടിക്കാട്ടി സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു.
പിന്നീട് എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയുന്നതിനിടെ മെയ് 30ന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോയി എന്നായിരുന്നു സുമയ്യയുടെ ആരോപണം. തുടർന്നാണ് ഹേബിയസ് കോർപസ് ഹർജിയുമായി സുമയ്യ ഹൈകോടതിയെ സമീപിച്ചത്. ഒരുമിച്ച് കഴിയാൻ ഇഷ്ടപ്പെടുന്നില്ലെന്ന അഫീഫയുടെ നിലപാടോടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർചയായ ബന്ധത്തിനാണ് അവസാനമായത്.
Keywords: News, Kerala, High Court, Habeas Corpus, Lesbian Couple, Kondotty, Complaint, Court, Malappuram, High Court bins woman's habeas corpus.
< !- START disable copy paste -->