കണ്ണൂർ: (www.kasargodvartha.com) റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവം അട്ടിമറിയെന്ന സംശയവുമായി പൊലീസ്. ട്രെയിനിന് തീപ്പിടിക്കുന്നതിന് തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ട്രെയിനിന് അരികിലൂടെ നടന്നുപോകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭാരത് പെട്രോളിയം സംഭരണശാല സ്ഥിതി ചെയ്യുന്ന താവക്കരിയിലെ റെയിൽവെ ട്രാക് വഴിയാണ് ഇയാൾ ട്രെയിനിന് അടുത്തെത്തിയതെന്നാണ് സിസിടിവി കാമറാ ദൃശ്യങ്ങൾ നൽകുന്ന സൂചന. ഇയാളെ തിരിച്ചറിയാനായി അന്വേഷണം നടത്തിവരികയാണ്.
മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂടീവ് എക്‌സ്പ്രസിന്റെ ട്രെയിനിന്റെ ബോഗിയാണ് വ്യാഴാഴ്ച പുലർചെ ഒന്നരയോടെ കത്തിനശിച്ചത്. അട്ടിമറി സൂചന ലഭിച്ചതിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയുൾപെടെ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. എലത്തൂർ ട്രെയിൻ തീവയ്‌പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എൻഐഎ കണ്ണൂരിൽ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവയ്പുണ്ടായത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്തൂരിൽ അക്രമി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. അന്ന് മൂന്ന് പേരാണ് ദാരുണമായി മരിച്ചത്.
മുഖ്യപ്രതി ശാരൂഖ് സെയ്ഫി പിടിയിലായ കേസിൽ എൻഐഎ അന്വേഷണം നടത്തുന്നതിനിടെയാണ് സമാന സംഭവം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. തീപ്പിടിത്തം റെയിൽവെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്യൂടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന രാത്രി 2.20 ന് തീയണക്കുകയായിരുന്നു. കോചുകളെ വേർപ്പെടുത്തിയിരുന്നതിനാൽ തീ മറ്റു ബോഗികളിലേക്ക് പടർന്നില്ല.
സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കത്തി നശിച്ചത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്. സ്ഥലത്ത് സിആർപിഎഫ് ഉൾപെടെയുള്ളവർ കാംപ് ചെയ്യുന്നുണ്ട്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂടീവ് ട്രെയിനിൽ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. 2014 ഒക്ടോബർ 20 ന് പുലർചെ 4.45 ന് ഇതേ ട്രെയിനിൽ ഒരു യുവാവ് സ്ത്രീക്ക് നേരെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയിരുന്നു. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂർ സ്വദേശിനി ഫാത്വിമ (45) യാണ് അന്ന് ഗുരുതരമായി പൊള്ളലേറ്റു മരിച്ചത്. ഈ കേസിൽ തമിഴ്നാട് സ്വദേശി സുരേഷ് കണ്ണൻ എന്നയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തനിച്ചിരിക്കുകയായിരുന്ന ഫാത്വിമ സുരേഷിന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിപോർടിൽ പറയുന്നത്.
Keywords: News, Kerala, Kannur, Train, Fire, Elathur Train Fire, RPF Investigation, Fire breaks out in train coach halted at Kannur railway station.