കാസര്‍കോട്: (www.kasargodvartha.com) വ്യാജരേഖ ഉണ്ടാക്കിയെടുത്ത് കാസര്‍കോട് സ്വദേശിനിയായ മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനി വിവിധ സര്‍കാര്‍ കോളജുകളില്‍ ഗസ്റ്റ് ലക്ചററായതായി ആരോപണം. അട്ടപ്പാടി ഗവ. കോളജില്‍ യുവതി ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് സംശയം തോന്നിയത്. സര്‍ടിഫികറ്റ് പരിശോധിച്ച് അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളജ് അധികൃതരെ സമീപിച്ചതോടെയാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
എറണാകുളം മഹാരാജാസ് കോളജ് മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചററായിരുന്നുവെന്ന വ്യാജ സര്‍ടിഫികറ്റാണ് ഇവര്‍ ഉണ്ടാക്കിയതെന്നും എന്നാല്‍, 10 വര്‍ഷമായി മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം വേണ്ടി വന്നിട്ടില്ലെന്നും സര്‍ടിഫികറ്റിലെ കോളജിന്റെ എംബ്ലവും സീലും വ്യാജമാണെന്നും അധികൃതര്‍ പറഞ്ഞു.
ഈ സര്‍ടിഫികറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സര്‍കാര്‍ കോളജില്‍ മലയാളം വിഭാഗത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച് വരെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലില്‍ ഉണ്ടായിരുന്നതിനാല്‍ വ്യാജരേഖ ഹാജരാക്കിയില്ല. ഇതിനുശേഷമാണ് അട്ടപ്പാടി ഗവ. കോളജില്‍ അഭിമുഖത്തിന് ചെല്ലുന്നത്.
മഹാരാജാസില്‍നിന്ന് 2018-ല്‍ ബിരുദാനന്തര ബിരുദം നേടിയ ഇവര്‍ കാലടി സര്‍വകലാശാലയില്‍ എം ഫില്‍ ചെയ്തിരുന്നു. അതേ വര്‍ഷം തന്നെയാണ് മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ടിഫികറ്റ് ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നാണ് സൂചന.
ഒരു വര്‍ഷം മുന്‍പ് പാലക്കാട്ടെ മറ്റൊരു സര്‍കാര്‍ കോളജിലും പിന്നീട് കാസര്‍കോട് ജില്ലയിലെ ഒരു സര്‍കാര്‍ കോളജിലും ഇവര്‍ ഗസ്റ്റ് ലക്ചററായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. തുടര്‍ച്ചയായി സര്‍കാര്‍ കോളജുകളില്‍ ഗസ്റ്റ് ലക്ചററായി നിയമനം നേടിയതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് സൂചന. സംഭവത്തില്‍ പൊലീസില്‍ സമീപിച്ചിരിക്കുകയാണ് മഹാരാജാസ് കോളജ് അധികൃതര്‍.
Keywords: News, Kerala News, Kasaragod News, Malayalam News, Maharajas College, Allegation, Fake Teacher, Fake Certificate Allegation in Maharajas College.< !- START disable copy paste -->
Guest Lecturer | അഭിമുഖത്തിന് എത്തിയപ്പോള്‍ സര്‍ടിഫികറ്റില്‍ സംശയം; എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനി വ്യാജരേഖ ഉണ്ടാക്കി ഗസ്റ്റ് ലക്ചററായതായി ആരോപണം
നിയമനം നേടിയതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് സൂചന
Guest Lecturer, Fake Certificate, Maharajas College, Complaint, Allegation