ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം പകരുന്ന ദിനമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ബലിപെരുന്നാൾ ആശംസ നേർന്നു. ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നൾ നമ്മെ ഓർമിപ്പിക്കുന്നു. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലി പെരുന്നാള്‍ നല്‍കുന്നത് ത്യാഗത്തിന് സജ്ജമാകാനുള്ള സന്ദേശമെന്ന് കുമ്പോല്‍ തങ്ങള്‍
കുമ്പള: പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മകളിരമ്പുന്ന ബലി പെരുന്നാള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത് പ്രതിസന്ധികളെ ധീരതയോടെ അതിജയിക്കാനുള്ള വലിയ സന്ദേശമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.
ആഭാസങ്ങളെപ്പോലും ആഘോഷിക്കപ്പെടുന്ന സമകാലീന സാഹചര്യത്തില്‍ മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം നല്ല ജാഗ്രത പുലര്‍ത്തണം. ബന്ധങ്ങള്‍ അറ്റു പോകുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും തങ്ങള്‍ പറഞ്ഞു.
അരുതായ്മകളെ ചെറുക്കാനുള്ള പ്രചോദനമാകണം ബലിപെരുന്നാളെന്ന് കേരള മുസ്ലിം ജമാഅത്
കാസര്‍കോട്: ത്യാഗ സന്നദ്ധതതയുടെ വിളംബരമായ ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍, ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.
തക്ബീര്‍ പ്രകീര്‍ത്തനങ്ങളാല്‍ ധന്യമാകട്ടെ പള്ളികളും വീടുകളും കവലകളും. കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രടറി സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ എന്നിവരും ആശംസ നേര്‍ന്നു.
നന്മയുടെ വഴിയില്‍ ആത്മസമര്‍പ്പണത്തിനായി പെരുന്നാളിനെ ഉപയോഗപ്പെടുത്തണമെന്ന് എസ് വൈ എസ്
കാസര്‍കോട്: ത്യാഗ സമര്‍പണത്തിന്റെ സാഫല്യവുമായി കടന്നു വന്ന ബലിപെരുന്നാളിനെ നന്മയുടെ വഴിയില്‍ ആത്മാര്‍പ്പണം ചെയ്യാനുള്ള അവസരമായി പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
ബന്ധങ്ങള്‍ സുദൃഡമാക്കിയും സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞുമായിരിക്കണം പെരുന്നാളിനെ വരവേല്‍ക്കേണ്ടത്. ദുരിതമനുഭവിക്കുന്നവരിലേക്ക് സാന്ത്വനത്തിന്റെ കരുതലാകാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം. എസ്എസ്എഫ്, സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍, എസ്എംഎ ജില്ലാ കമിറ്റികളും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ജാമിഅ സഅദിയ്യ, മുഹിമ്മാത്, തൃക്കരിപ്പൂര്‍ മുജമ്മഅ്, മഞ്ചേശ്വരം മള്ഹര്‍, കല്ലക്കട്ട മജ്മഅ്, ബായാര്‍ മുജമ്മഅ്, ഷിറിയ ലത്വീഫിയ്യ, അല്‍ ബിശാറ ഗുവദപ്പടുപ്പ്, ഖലീല്‍ സ്വലാഹ് ഗാളിമുഖം, മഞ്ഞമ്പാറ മജ്‌ലിസ്, ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍, മുട്ടം മഖ്ദൂമിയ, ദാറുന്നജാത്ത് ചിനാലെ, അസാസുദ്ദീന്‍ മഞ്ചേശ്വരം തുടങ്ങിയ സ്ഥാപന കമിറ്റികളും ഈദ് ആശംസ അറിയിച്ചു.
Keywords: Kerala, News, Kasaragod, SYS, Pinarayi Vijayam, Muslim Jama-ath, Kumbol Thangal, Eid, Religion, Muslims, Eid Ul Adha, Greeting, Eid Al Adha greetings from leaders.
< !- START disable copy paste -->