മുംബൈ: (www.kasargodvartha.com) രാമായണം ഇതിവൃത്തമായെത്തിയ ചിത്രം 'ആദിപുരുഷ്' തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഓള്‍ ഇന്‍ഡ്യ സിനി വര്‍കേഴ്‌സ് അസോസിയേഷന്‍. ശ്രീരാമനെയും രാമായണത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് കത്തില്‍ പറയുന്നു.
'ആദിപുരുഷ്' സംവിധായകന്‍ ഓം റൗടിനെതിരെയും നിര്‍മാതാക്കള്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ശ്രീരാമനെയും ഹനുമാനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഇന്‍ഡ്യയില്‍ ഏത് വിശ്വാസത്തില്‍ നിന്ന് വരുന്നവര്‍ക്കും ദൈവമാണ് ശ്രീരാമ ഭഗവാന്‍. എന്നാല്‍, ശ്രീരാമനെയും രാവണനെയുമെല്ലാം വീഡിയോ ഗെയിമിലെ കഥാപാത്രങ്ങളെ പോലെ അവതരിപ്പിച്ചിരിക്കുകയാണെന്ന് പറയുന്നു.
ഇന്‍ഡ്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ദുരന്ത സിനിമയാണിതെന്നും സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കത്തില്‍ പറയുന്നു. പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയ അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകരുതായിരുന്നു. അതേസമയം ആദിപുരുഷിനെതിരെ രാജ്യത്ത് പലയിടത്തും പ്രതിഷേധമുയരുകയാണ്. രാമായണത്തിന്റെ വികലമായ ചിത്രീകരണമാണെന്നാരോപിച്ച് മുംബൈയിലെ തീയേറ്ററില്‍ 'ആദിപുരുഷി'ന്റെ പ്രദര്‍ശനം ഹിന്ദുത്വ സംഘടന തടഞ്ഞിരുന്നു. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തീയേറ്ററില്‍ കടന്ന് പ്രദര്‍ശനം നിര്‍ത്തിവയ്പിച്ചത്.
Keywords: Mumbai, News, National, Cinema, Entertainment, Adipurush, Ban, PM Modi, Letter, All India Cine Workers Association Write To PM Modi Seeking Ban On Adipurush.