അതേസമയം, ഇതേ വീട്ടില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 2018 മാര്‍ച് മൂന്നിന് വീട്ടുകാര്‍ സമീപത്തെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോയ സമയത്ത് വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കവര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും കേസിന് ഇതുവരെ തുമ്പൊന്നും ആയിട്ടില്ലെന്നാണ് ആക്ഷേപം.
ആറ് മാസം മുമ്പ് രാത്രിയില്‍ അടുക്കള ഭാഗത്ത് നിന്ന് വാതില്‍ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് എത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഓടിപ്പോകുന്നത് കണ്ടതായും ത്വാഹിറ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശവാസികളും അന്വേഷിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. നിരന്തരമായി മാനസികമായും സാമ്പത്തികമായും തളര്‍ത്താന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വീട്ടിലോ സമീപ സ്ഥലത്തോ സിസിടിവി സ്ഥാപിച്ചിട്ടില്ലെന്നത് അന്വേഷണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.