ചെര്‍ക്കളം അബ്ദുല്ല കഴിഞ്ഞാല്‍ ചെങ്കള പഞ്ചായതില്‍ ഏറെ സ്വാധീനമുള്ള വ്യക്തികളായിരുന്നു റസാഖും അഹ്മദും. വിരുദ്ധ രാഷ്ട്രീയ കക്ഷികളില്‍ ആയിരുന്നുവെങ്കിലും കുടുംബപരമായി ഇരുവരും നല്ല ഐക്യത്തിലായിരുന്നു. രാഷ്ട്രീയം വേറെ, കുടുംബ ബന്ധം വേറെ എന്നതായിരുന്നു ഇരുവരുടെയും പോളിസി. സിപിഎമിന്റെ സംസ്ഥാന നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, ഇപി ജയരാജന്‍ തുടങ്ങി പ്രമുഖരുമായി പിബി അഹ്മദ് നല്ല ബന്ധത്തിലായിരുന്നു.
മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രം എന്നാണ് ചെങ്കള പഞ്ചായത് അറിയപ്പെട്ടിരുന്നതെങ്കിലും 1994 ല്‍ ഐഎന്‍എല്‍ രൂപീകരിച്ചതിന് ശേഷം നടന്ന ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പില്‍ പിബി അഹ്മദിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ ഇവിടെ അട്ടിമറി വിജയം നേടിയതോടെ ഐഎന്‍എലിന്റെ സംസ്ഥാനത്തെ ഏക പഞ്ചായത് പ്രസിഡന്റുമായി അദ്ദേഹം മാറി. പിന്നീട് 2010 ല്‍ ഭാര്യ നസീറയെ ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷനില്‍ നിര്‍ത്തി വിജയിപ്പിച്ചതിന് പിന്നിലും പിബി അഹ്മദിന്റെ സ്വാധീനവും കരുത്തും തന്നെയായിരുന്നു. അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി 2015ലും നസീറ മത്സരിച്ചെങ്കിലും നിസാര വോടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഏത് ആവശ്യം പറഞ്ഞെത്തിയാലും സാധാരണക്കാരെ സഹായിക്കുന്ന മനസായിരുന്നു പിബി അഹ്മദിന് ഉണ്ടായിരുന്നത്, അത് തന്നെയായിരുന്നു ചെങ്കള പഞ്ചായതിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടായ സ്വാധീനത്തിന് പിന്നിലും. മഞ്ചേശ്വരത്ത് സഹോദരനായ പിബി അബ്ദുര്‍ റസാഖ് രണ്ട് തവണ മത്സരിച്ചപ്പോഴും എതിര്‍ചേരിയിലായിരുന്ന പിബി അഹ്മദ് സ്വന്തം പാര്‍ടിയുടെ മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ചെന്നിരുന്നില്ല. അതേസമയം, ചെര്‍ക്കളം അബ്ദുല്ലയ്ക്കെതിരെ അഡ്വ. സിഎച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് മത്സരിച്ചപ്പോള്‍ എല്‍ഡിഎഫിനായി വലം കയ്യായി തന്നെ പിബി അഹ്മദ് ഉണ്ടായിരുന്നു.
തന്റെ മകളുടെ വിവാഹത്തോട് അനുബന്ധിച്ച് പിബി അഹ്മദ് പാവപ്പെട്ട 10 പെണ്‍കുട്ടികളുടെ വിവാഹം കൂടി നടത്തിയത് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ്. ഐഎന്‍എലില്‍ നിന്നും എന്‍എ നെല്ലിക്കുന്ന്, പിഎംഎ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം മുസ്ലിം ലീഗില്‍ ലയിച്ചതിന് പിന്നാലെ 2012ല്‍ പിബി അഹ്മദും മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങിയെങ്കിലും പല നേതാക്കളുമായും യോജിച്ച് പോകാന്‍ കഴിയാതെ വന്നതോടെ 2015 ല്‍ സ്വന്തം സംഘടനായ ഐഎന്‍എലിലേക്ക് തന്നെ മടങ്ങിയിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ലെങ്കിലും ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവില്‍ ഐഎന്‍എലില്‍ അംഗത്വം മാത്രം ഉണ്ടായിരുന്നതായാണ് പാര്‍ടി നേതൃത്വം പറയുന്നത്.
Keywords: Kerala News, Malayalam News, Politics, Muslim League, INL, PB Ahmad, PB Razq, Kasaragod News, PB Ahmad and PB Razq; Politics of brothers.
< !- START disable copy paste -->