ആദൂര്‍ പൊലീസ് പറയുന്നത്: മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുസ്തഫ എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. എക്‌സൈസിന്റെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. 2150 ഡിറ്റനേറ്ററുകള്‍, 13 പെട്ടി ജലാറ്റിന്‍ സ്റ്റികുകള്‍, സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡിറ്റനേറ്ററുകള്‍ (SOD) 600 എണ്ണം എന്നിവയാണ് എക്‌സൈസ് പിടികൂടിയത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന ഡസ്റ്റര്‍ കെ എല്‍ -എ ആര്‍ 5004 നമ്പര്‍ കാറിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഇതും അന്വേഷണ സംഘം പിടികൂടി. എക്‌സൈസ് കസ്റ്റഡിയിലെടുത്ത മുസ്തഫയെ ആദൂര്‍ പൊലീസിന് കൈമാറുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുസ്തഫയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ക്വാറി ആവശ്യത്തിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസ് മൊഴി നല്‍കിയത്. എന്നാല്‍ അത്തരത്തില്‍ ഒരു ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം വാളയാറിലും ടെംപോ വാനില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ തൃശൂര്‍ പൂങ്കുന്നത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 200 ജലാറ്റിന്‍ സ്റ്റികുകള്‍ വീതം അടങ്ങിയ 100 കാര്‍ഡ് ബോര്‍ഡ് ബോക്സുകളിലാണ് അറസ്റ്റിലായ പ്രതികളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സതീഷ്, ലിസന്‍ എന്നിവര്‍ പിടിയിലായിട്ടുണ്ട്.